ജിഎസ്ടി: ഹെല്‍പ്ലൈന്‍ സജ്ജമാക്കും; സോഫ്റ്റ്വെയര്‍ ലഭ്യമാക്കുമെന്നും മന്ത്രി

ജിഎസ്ടി: ഹെല്‍പ്ലൈന്‍ സജ്ജമാക്കും;  സോഫ്റ്റ്വെയര്‍ ലഭ്യമാക്കുമെന്നും മന്ത്രി

മലപ്പുറം: ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് കാര്യക്ഷമമായ സംവിധാനം ഒരുക്കുമെന്നും ചെറുകിടവ്യാപാരികള്‍ക്ക് സോഫ്റ്റ്വെയര്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഇക്കണോമിക് സമ്മിറ്റില്‍ വ്യാപാര, വ്യവസായ, ബാങ്കിങ് മേഖലകളില്‍നിന്നുള്ള പ്രമുഖരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അതു പരിഹരിക്കാന്‍ ചരക്കുനികുതി സര്‍ക്കിള്‍ ഓഫിസുകളെക്കൂടി കോര്‍ത്തിണക്കി ഏകോപനസംവിധാനം വരും. സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കണം. വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍ തിരുവനന്തപുരത്തെ ഹെല്‍പ്പ് ഡസ്‌ക്കിലേക്കു വിടണം. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെയാണ് വ്യാപാരികള്‍ക്ക് ജിഎസ്ടി സോഫ്റ്റ്വെയര്‍ പാക്കേജ് ലഭ്യമാക്കുക. ബില്ലിങ്ങിനൊപ്പം റിട്ടേണ്‍ ഓട്ടമാറ്റിക് ആയി ലഭിക്കാനുള്ള സൗകര്യം അതുവഴി ലഭിക്കും. ജിഎസ്ടി നെറ്റ്വര്‍ക്ക് മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 26നു ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് എടപ്പാള്‍ ആധ്യക്ഷ്യം വഹിച്ചു. മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പി.ഉബൈദുല്ല എംഎല്‍എ, എസ്. മഹേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാണിജ്യ, വ്യവസായ, ബാങ്കിങ് മേഖലകളിലെ പ്രമുഖര്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ഐടി സംരംഭകരും സമ്മിറ്റില്‍ പങ്കെടുത്തു.

നിക്ഷേപം വരാന്‍ നിലപാടില്‍
മാറ്റം വേണം: മന്ത്രി

കേരളത്തില്‍ നിക്ഷേപസൗഹൃദ അന്തരീക്ഷമുണ്ടാകണമെങ്കില്‍ നിലപാടില്‍ മാറ്റം വരണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അതു തിരിച്ചറിഞ്ഞിട്ടുണ്ട്. മതിയായ കൂലി ലഭിക്കാത്ത കാലത്തു നടന്നിരുന്ന സമരങ്ങള്‍ ഇപ്പോഴില്ല. നല്ല ശമ്പളവും സാമൂഹികസുരക്ഷയും കേരളത്തിലുണ്ട്. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ വരുമ്പോള്‍ എല്ലാം കത്തിച്ചാമ്പലാകുമെന്ന പ്രചാരണം ശരിയല്ല. ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് അവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. എതിര്‍ക്കുന്നവരെയെല്ലാം പിന്തിരിപ്പന്‍മാരെന്നു വിളിക്കുകയില്ല. നിക്ഷേപസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യചരിത്രത്തിലെ ഏറ്റവും വലിയ
പിടിപ്പുകേട്: ശങ്കരനാരായണന്‍
രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് ഇപ്പോഴുള്ള പിടിപ്പുകേട് ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് മഹാരാഷാട്രാ മുന്‍ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. പൊതുജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയാല്‍ നടപടികളില്‍ മാറ്റംവരുത്തുന്നതാണ് ജനാധിപത്യത്തിലെ രീതി. നോട്ട് നിരോധനത്തിലും അതിനു പിന്നാലെ വന്ന ജി.എസ്.ടിയിലും അത്തരത്തില്‍ നടപടികളുണ്ടായില്ല. പറഞ്ഞതു മനസ്സിലാകുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് കേന്ദ്രത്തില്‍ കഴിഞ്ഞ കാലങ്ങളിലൊക്കെ ഉണ്ടായിരുന്നത്. മുന്‍പ്, സാമ്പത്തികമാന്ദ്യത്തില്‍ ലോകമാകെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍ കേരളത്തില്‍ ഒരു പ്രാഥമിക സഹകരണബാങ്ക് പോലും പൂട്ടിയിരുന്നില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം, ജി.എസ്.ടി: ഇരട്ട
ഇരുട്ടടിയെന്ന് കുഞ്ഞാലിക്കുട്ടി

സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ലഭിച്ച ഇരട്ട ഇരുട്ടടിയാണ് നോട്ടുനിരോധനവും ജി.എസ്.ടിയുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. നോട്ട് നിരോധത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ചെറുകിട, കാര്‍ഷിക, വ്യവസായ മേഖലകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് ജി.എസ്.ടിയുടെ വരവ്. നികുതികളെല്ലാം ഒഴിവാക്കി നികുതിയെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാനാണ് ജി.എസ്.ടി. കൊണ്ടുവന്നതെന്നാണ് വാദം. എന്നാല്‍, രാജ്യത്ത് ജനങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് നികുതിയെക്കുറിച്ചാണ്. സംസ്ഥാനത്ത് നിക്ഷേപസൗഹൃദ അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!