കുഞ്ഞാലിക്കുട്ടിക്കെതിരേ എതിര്‍ സ്ഥാനാര്‍ഥി ഷാജിയുടെ കേസ് ഫയലില്‍ സ്വീകരിച്ചു

മലപ്പുറം: മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട കൂത്തുപറമ്പ് സ്വദേശി ഷാജി വിജയിച്ച സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും പ്രധാനപ്പെട്ട കോളങ്ങള്‍ പൂരിപ്പിക്കാതെ വിട്ടുകളഞ്ഞുവെന്നും പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
നേരത്തെ ഷാജി ജനപ്രാതിനിധ്യ നിയമപ്രകാരം കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. രേഖകള്‍ സഹിതമാണ് ഷാജി മലപ്പുറം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
നാമനിര്‍ദേശ പത്രികയിലെ കോളങ്ങള്‍ പൂരിപ്പിച്ചില്ല, ഭാര്യയുടെ പേരില്‍ കോഴിക്കോടുള്ള സ്വത്തുക്കളുടെയും നിര്‍മാണ പ്രവര്‍ത്തികളുടെയും യഥാര്‍ഥ മൂല്യം മറച്ചുവച്ചു, മുവാറ്റുപുഴ കോടതിയിലെ കേസിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയില്ല എന്നു തുടങ്ങിയ കുറ്റങ്ങളാണ് ഹരജിയില്‍ പറഞ്ഞിട്ടുള്ളത്.
നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരി, കുഞ്ഞാലിക്കുട്ടിക്കെതിരേ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവരെയെല്ലാം ഷാജി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും അനുസരിച്ച് വ്യാജ സത്യവാങ് മൂലം നല്‍കി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന ഷാജി കോടതിയിലെത്തിയത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ പരിശോധനയ്ക്കായി കേസ് ഈ മാസം 24ലേയ്ക്കു മാറ്റിവച്ചു.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില് മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില് മരിച്ചു.മലപ്പുറം കുനിയില് കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്(26)ആണ് മരിച്ചത്.