ഫിറോസിനെതിരെയുള്ള സൈബര്‍ആക്രമണത്തിനെതിരെ നജീബ് കാന്തപുരം

ഫിറോസിനെതിരെയുള്ള സൈബര്‍ആക്രമണത്തിനെതിരെ  നജീബ് കാന്തപുരം

ഫിറോസിനെതിരെയുള്ള സൈബര്‍ആക്രമണം അംഗീകരിക്കാനാവില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.
മുസ്ലിംലീഗ് നിലപാടുകള്‍ ഒരുസംഘടനയ്ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്ന പി.കെ ഫിറോസിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയിലൂടെയുള്ള അക്രമങ്ങള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നജീബ് കാന്തപുരം പ്രതികരിച്ചത്.
പ്രസ്താവനയുടെ പൂര്‍ണ രൂപം താഴെ:

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിമര്‍ശനാധീതനല്ല. എന്നാല്‍ ഒരു പ്രസ്താവനയുടെ പേരില്‍ ഇത്തരത്തില്‍ സംഘടിതമായി പി.കെ ഫിറോസിനെതിരെ സൈബര്‍ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫിറോസ് പറഞ്ഞ നിലപാടിനോട് യോജിക്കുന്നത് പോലെ വിയോജിക്കുന്നതിനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. പറഞ്ഞ വാക്കുകളില്‍ വീഴ്ചയുണ്ടായാല്‍ തിരുത്താനുള്ള ജനാധിപത്യ ബോധവും ഫിറോസിനുണ്ട്. എന്നിരിക്കെ യാതൊരു മാന്യതയുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ആരായാലും അവസാനിപ്പിക്കണം. ആരെങ്കിലും വെച്ച കെണിയില്‍ വീഴേണ്ടവരല്ല നമ്മള്‍.അത്തരം ചില കെണികള്‍ ഈ വിവാദത്തിനു പിറകില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ആര്‍ക്കും മനസിലാക്കാനാവും.ഒട്ടും സന്തോഷകരമല്ലാത്ത വിവാദമാണ് ഇപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്.

കേരളത്തിലെ മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷം പേരും അണിചേര്‍ന്നിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. വിശ്വാസപരമായി വ്യത്യസ്ത ആശയങ്ങള്‍ പുലര്‍ത്തുമ്പോഴും മുസ്ലിം സമുദായത്തിന്റെ ജനാധിപത്യ ശാക്തീകരണത്തിന് മുസ്ലിം ലീഗ് കൂടിയേ തീരൂ എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ മത സംഘടനാ നേതൃത്വവും പണ്ഡിത വര്യന്മാരില്‍ ഏറിയ പങ്കും മുസ്ലിം ലീഗിനു വേണ്ടി പരസ്യ നിലപാട് തന്നെ സ്വീകരിച്ച് കൂടെ നിന്നിട്ടുമുണ്ട്.

ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സഹചര്യത്തില്‍ പ്രത്യേകിച്ചും രാഷ്ട്രീയ ശാക്തീകരണം രാജ്യമാകെ നടക്കേണ്ട ഒരു ഘട്ടത്തില്‍ മുസ്ലിം ലീഗിന്റെയും സമസ്തയുടേയും പ്രവര്‍ത്തകര്‍ രണ്ട് തട്ടില്‍ നിന്ന് വാഗ്വാദങ്ങള്‍ നടത്തുന്നത് ഖേദകരമാണ്. മുസ്ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷവും സുന്നി ആശയത്തില്‍ വിശ്വസിക്കുന്നവരും അതില്‍ ഒരു ചെറിയ വിഭാഗമൊഴികെ സമസ്തയുടെ മഹല്ല് സംവിധാനങ്ങള്‍ക്കകത്ത് നിലകൊള്ളുന്നവരുമാണ്. അത് കൊണ്ട് തന്നെ സുന്നികളും മുസ്ലിം ലീഗുകാരുമായ പ്രവര്‍ത്തകരെ സമസ്തയില്‍ നിന്നോ മുസ്ലിം ലീഗില്‍ നിന്നോ അടര്‍ത്തിമാറ്റുക അസാധ്യവുമാണ്. സമസ്തയുടെ മഹല്ല് സംവിധാനങ്ങള്‍ നടത്തുന്നത് പ്രാദേശിക തലത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ തന്നെയാണ്. ഇത് പോലെ മുസ്ലിം ലീഗില്‍ അണിനിരന്ന പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സമസ്ത മുന്നോട്ട് വെക്കുന്ന ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരുമാണ്.

സുന്നി ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ ഭൂരിപക്ഷമുള്ളത് കൊണ്ട് മറ്റ് ആശയ ധാരയിലുള്ളവര്‍ക്ക് ഒരിക്കലും ഒരു അന്യതാബോധവും ഉണ്ടായിട്ടില്ല. മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുക മാത്രമല്ല ഓരോ മഹാ സമ്മേളനങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ നില നില്‍പ്പിനായി കരഞ്ഞു പ്രാര്‍ത്ഥിച്ച ചാപ്പനങ്ങാടി ബാപ്പുമുസ്ല്യാരെ പോലെയുള്ള സമസ്ത നേതാക്കള്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചക്ക് നല്‍കിയത് അവിസ്മരണീയ സംഭാവനകളാണ്. എക്കാലവും സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം പരസ്പരം വിവേചിക്കാന്‍ പറ്റാത്ത തരത്തില്‍ തന്നെയാണ്. ഇരു സംഘടനകളും തമ്മില്‍ വെച്ച് പുലര്‍ത്തുന്ന ആത്മാര്‍ത്ഥവും പരസ്പര ബഹുമാനത്തോടെയുമുള്ള ബന്ധമാണ് ഇക്കാലമത്രയും കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഗുണകരമായിട്ടുള്ളത്. അത് നാളെയും ഊഷ്മളമായി നില നിര്‍ത്തേണ്ടത് സമുദായ സ്‌നേഹികളായ ഓരോരുത്തരുടേയും ബാധ്യതയാണ്.

സമസ്തയെ അകറ്റി നിര്‍ത്തി മുസ്ലിം ലീഗിനോ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി സമസ്തയുടെ സംഘടനാ സംവിധാനമോ ഇല്ലെന്നത് എല്ലാവരും ഉല്‍ക്കൊള്ളണം. സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനം സംഘടനകളിലും സമൂഹത്തിലുമുണ്ടാക്കുന്ന ആഴമേറിയ മുറിവുകള്‍ എത്രമാത്രം വേദനാജനകമാണെന്ന് നാം തിരിച്ചറിയണം. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത പല ബന്ധങ്ങളും ചീട്ട് കൊട്ടാരം പോലെ തകര്‍ത്തെറിയുന്ന സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം അവസാനിപ്പിച്ചില്ലെങ്കില്‍ നമുക്ക് തിരിച്ചെടുക്കാന്‍ കഴിയാത്ത നഷ്ടമാണുണ്ടാക്കുക. പിന്നെ ഇരുന്ന് പൊട്ടിക്കരഞ്ഞിട്ട് കണ്ണീരു തുടച്ച് തരാന്‍ പോലുമാരുമുണ്ടാവില്ല. മുസ്ലിം യൂത്ത് ലീഗിന്റെ ഒരു പ്രവര്‍ത്തകനും എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. ഇത് വരെ ഉണ്ടായതെന്തും പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം നമുക്കുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അതിനുള്ള വഴിയൊരുക്കുകയും ചെയ്യും. കൈ വിട്ട കളി ആരു കളിച്ചാലും അത് സംഘടനയെ സഹായിക്കാനുള്ളതല്ല. നമുക്കൊരിക്കലും രണ്ടായി നില്‍ക്കാനാവില്ലെന്ന ബോധ്യത്തോടെ തെറ്റിദ്ധാരണകള്‍ എത്രയും വേഗം പരിഹരിക്കപ്പെടണം. വെല്ലുവിളിച്ചും ഏറ്റുമുട്ടിയും നാം സ്വയം തീ കൊളുത്തുന്നത് അവനവന്റെ വീടിനു തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്.

Sharing is caring!