കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്  സമീപം ബസ് ബൈക്കിലിടിച്ച്  രണ്ട് യുവാക്കള്‍ മരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിന് സമീപം ദേശീയപാതയില്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ വളവില്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തേഞ്ഞിപ്പലം ആലുങ്ങല്‍ കുറ്റിപാലക്കല്‍ വീട്ടില്‍ കണ്ണച്ചന്‍തൊടി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (19), മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി തോട്ടോളി ചക്കാല സുലൈമാന്റെ മകന്‍ അമീന്‍ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. ദേശീയപാത ചെട്ട്യാര്‍മാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും ബൈക്കില്‍ പെട്രോളടിച്ചു ചേളാരിയിലേക്ക് തിരിച്ചു വരവെയാണ് യുവാക്കള്‍ അപകടത്തില്‍ പെട്ടത്.

വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. അമിത വേഗതയിലെത്തിയ ബസ് വളവില്‍ വെച്ച് ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷനില്‍ നിന്നെത്തിയ എസ്.സി.പി.ഒ ദിനേഷനും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഫാസില്‍ സംഭവസ്ഥലത്ത് വെച്ചും അമീന്‍ മെഡിക്കല്‍ കോളജില്‍ എത്തിയ ഉടനെയുമാണ് മരിച്ചത്. റോഡില്‍ ചിതറിയ തലച്ചോറും രക്തവും മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിശമന സേന റോഡില്‍ വെള്ളമടിച്ച് നീക്കം ചെയ്യുകയായിരുന്നു. ഫാസിലിന്റെ മാതാവ്: റംല. സഹോദരങ്ങള്‍: ഫവാസ്, ഫൗമിദ (ഒമ്പത്), ഫാത്തിമ ഫില്‍സ (രണ്ട്). അമീന്‍ ന്റെ മാതാവ്: സാബിറ, ശമീന്‍, സഫ്‌വാന്‍, ഷബീബ്. മരിച്ച അമീനും ശമീനും ഇരട്ടക്കുട്ടികളാണ്.

Sharing is caring!