ഗോകുലം എഫ്.സിക്ക് മലപ്പുറത്ത് തോല്‍വി

മലപ്പുറം: ഐ.ലീഗില്‍ പ്രവേശനം നേടിയ ഗോകുലം എഫ്.സി.യെ ഒരു ഗോളിനു കേരള പോലീസ് പരാജയപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഫുട്‌ബോള്‍ ഡേ’യിലാണ് ഗോകുലം എഫ്.സി. പരാജയപ്പെട്ടത്.
ഏഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ മര്‍സൂഖ് ഹെഡ് ചെയ്ത പന്ത് മനോഹരമായി സിസര്‍കട്ട് ചെയ്ത് ഫിറോസ് കളത്തിങ്ങലാണ് ഗോള്‍ നേടിയത്.
അതേ സമയം പ്രമുഖ കളിക്കാരെ ഇറക്കാതെയാണ് ഗോകുലം എഫ്.സി മത്സരത്തിനെത്തിയത്.
ട്രോഫികള്‍ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ആസിഫ് സഹീര്‍, മലപ്പുറം അസീസ്, ഒളിമ്പ്യന്‍ കെ ടി. ഇര്‍ഫാന്‍, ജസീര്‍ കരണത്ത് എന്നിവര്‍ വിതരണം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ചു ഫുട്‌ബോള്‍ ആവേശത്തിനു രാജ്യന്തര തലത്തില്‍ കീര്‍ത്തി നല്‍കിയ ജില്ലയുടെ താരങ്ങള്‍ക്ക് സ്‌നേഹാദരവും നല്‍കി. കാല്‍പന്തുകളിയുടെ മൈതാനത്തു പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത താരങ്ങളുടെയും ഭാവി നക്ഷത്രങ്ങളുടെയും അപൂര്‍വ ഒത്തു ചേരലായിരുന്നു ചടങ്ങ്. മലപ്പുറം അസീസ്, ആസിഫ് സഹീര്‍, ജസീര്‍ കാരണത്ത്, അക്ബര്‍ മമ്പാട്, ബഷീര്‍ അഹമ്മദ്, നാസര്‍ അരീക്കോട്, ഷബീറലി, കെ.ടി. നവാസ്, മുഹമ്മദ് അല്‍ അക്ബര്‍, റഫീഖ് ഹസന്‍, ഹമീദ് ടൈറ്റാനിയം, ഹബീബ് റഹ്്മാന്‍, നൗഷാദ് പ്യാരി, കെ അനീസ്, കെ അസിം, ടൈറ്റാനിയം അന്‍വര്‍, നസ്‌റുദ്ദീന്‍, സിറാജുദ്ദീന്‍, സുല്‍ഫിക്കര്‍ അലി, ഫിറോസ്, ഇര്‍ഷാദ് തൈവളപ്പില്‍, നിഷാദ്, ബബ്‌ലു, മര്‍സൂക്, നസീബ്, ഷാനില്‍, ഒ കെ ജാവേദ്, ടി എ ഹകീം, ഫാറൂഖ്, സക്കീര്‍, ഫൈസല്‍ തുടങ്ങിയ മുന്‍ താരങ്ങളെയും ഇപ്പോള്‍ കളിക്കുന്നവരെയും ആദരിച്ചു. ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാന്‍ മൊമന്റോ വിതരണം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആദ്യമത്സരത്തില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പ്പെട്ട സന്തോഷ് ട്രോഫി ഇലവനും പ്രസ് ക്ലബ് ഇലവനും ഏറ്റുമുട്ടി. സന്തോഷ് ട്രോഫി ഇലവന്‍ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു. ഹബീബ് റഹ്മാനും അസീമും സ്‌കോര്‍ ചെയ്തു.

ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാനുള്ള മൊമന്റോ പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ നല്‍കി. ജില്ലയില്‍ നിന്നുമുള്ള ആദ്യ ഫിഫ റഫറിയായ ടി എ ഹക്കീമിനുള്ള ഉപഹാരം കെ ടി ഇര്‍ഫാന്‍ സമ്മാനിച്ചു.പരിശീലകരായ സി ഷമീല്‍, സി ടി അജ്മല്‍ എന്നിവരും സ്‌നോഹോപഹാരം ഏറ്റുവാങ്ങി. ഫുട്‌ബോള്‍ ഡേ പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ പി എം റിയാസ്, ഹാരിസ് ആമിയന്‍, ഉപ്പൂടന്‍ ഷൗക്കത്ത് സംസാരിച്ചു. രാവിലെ മലപ്പുറം മുണ്ടുപ്പറമ്പ് കോളജ് ഗ്രൗണ്ടില്‍ നടന്ന പ്രാദേശിക പത്രപ്രവര്‍ത്തകരുടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോട്ടക്കല്‍ പ്രസ്‌ക്ലബിനെ പരാജയപ്പെടുത്തി വളാഞ്ചേരി പ്രസ് ഫോറം ജേതാക്കളായി.വിജയികള്‍ക്ക് നിയുക്ത എംഎല്‍എ കെ എന്‍ എ ഖാദര്‍, കെഡബ്ല്യുജെ നിയുക്ത പ്രസിഡന്റ് കമാല്‍ വരദൂര്‍ സമ്മാനം വിതരണം ചെയ്തു. ടൂര്‍ണമെന്റ് സൂപ്പര്‍ അഷറഫ് ഉദ്ഘാടനം ചെയ്തു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *