മലപ്പുറം പ്രസ്‌ക്ലബ്ബ് ഇലവനും സന്തോഷ് ട്രോഫി താരങ്ങളും ഏറ്റുമുട്ടി

മലപ്പുറം പ്രസ്‌ക്ലബ്ബ് ഇലവനും സന്തോഷ് ട്രോഫി താരങ്ങളും ഏറ്റുമുട്ടി

മലപ്പുറം: തുടക്കം ഇഞ്ചോടിഞ്ചു പോരാട്ടം. പിന്നെ പിടിച്ചു നില്‍ക്കാനായില്ല, ഫലമോ രണ്ടു ഗോള്‍ തോല്‍വി. കാല്‍പ്പന്തുകളിയില്‍ ഒട്ടേറെ സുന്ദരമുഹൂര്‍ത്തങ്ങള്‍ പിറന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചതു ഒരപൂര്‍വപോരാട്ടത്തിനായിരുന്നു. വിവിധകാലയളവില്‍ കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമായി സന്തോഷ് ട്രോഫി കളിച്ച മലപ്പുറത്തിന്റെ മുന്‍താരങ്ങള്‍ അണിനിരന്ന കേരളാ ഇലവനും മലപ്പുറം പ്രസ്‌ക്‌ലബ്ബ് ഇലവനും തമ്മിലുള്ള കാല്‍പ്പന്തുകളിയില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു മാധ്യമ പ്രവര്‍ത്തകര്‍ കീഴടങ്ങി.
മലപ്പുറത്തു നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ഡേയിലാണ് ഇരുടീമും അണിനിരന്നത്.

നനഞ്ഞു കുതിര്‍ന്ന മൈതാനത്തു താളം കണ്ടെത്താന്‍ ഇരുകൂട്ടരും ആദ്യം വിഷമിച്ചു. പിന്നീട് മൈതാനത്തിന്റെ ഗതിയ്ക്കനുസരിച്ചു പന്തുകള്‍ കൈമാറിയപ്പോള്‍ കളി മുറുകി. മുപ്പതുമിനിറ്റു ദൈര്‍ഘ്യമുള്ള കളിയില്‍ രണ്ടാംപകുതിയിലാണ് കേരളാ ഇലവന്‍ ഇരു ഗോളുകളും നേടിയത്. ആദ്യപകുതിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മാധ്യമപ്രവര്‍ത്തകര്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. സുജി പട്ടാമ്പിയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിര പിഴവുകള്‍ വരുത്താതെ ശ്രദ്ധിച്ചതോടെ കേരളാ ഇലവന്റെ ഗോള്‍ശ്രമങ്ങള്‍ അകന്നു. മറുവശത്ത് കേരളാപോലീസ് മുന്‍താരം ഹബീബ് റഹ്മാനും നൗഷാദ് പ്യാരിയുമായിരുന്നു കേരളാ ഇലവന്റെ മുന്‍നിരയില്‍. ഇരുവിംഗുകളിലും അനീസും അഷീമും നിലയുറപ്പിച്ചതോടെ അവര്‍ മാധ്യമപ്രവര്‍ത്തകരുടെ ഏരിയായിലേക്കു പാഞ്ഞെടുത്തു. എന്നാല്‍ ഗോളി അഫ്രീദി മികച്ച ഫോമിലായതിനാല്‍ കേരളാ ഇലവന്റെ ലക്ഷ്യങ്ങള്‍ പാളി.

ഇതിനിടെ മാധ്യമപ്രവര്‍ത്തകരുടെ നല്ലൊരു മുന്നേറ്റം കണ്ടു. ഷെഫീക്ക്, ഷഹബാസ്- നൗഫല്‍ മുന്നേറ്റം എതിര്‍പ്രതിരോധത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും ടൈറ്റാനിയത്തിനു മലപ്പുറം സംഭാവന ചെയ്ത അബ്ദുള്‍ഹമീദ് അതു തടഞ്ഞു. തൊട്ടടുത്ത നിമിഷം നൗഷാദ് പ്യാരി നല്‍കിയ ഉജ്വല ക്രോസ് സ്വീകരിച്ച അഷീം ഇടതുവിംഗിലൂടെ കുതിച്ചു മാധ്യമപ്രവര്‍ത്തകരുടെ ഗോള്‍മുഖത്തെത്തിയെങ്കിലും സുജി പട്ടാമ്പി സമര്‍ഥമായി ഇടപെട്ടു അപകടമൊഴിവാക്കി. ഗോളെന്നുറച്ച അവസരമായിരുന്നു അത്. രണ്ടാംപകുതിയില്‍ മധ്യനിരയില്‍ നിന്നു നൗഫലും പ്രതിരോധനിരയിലെ വി.പി. നിസാറും കയറി. പകരമെത്തിയവര്‍ക്കു ഫോം കണ്ടെത്താനായില്ല. ഇതോടെ പ്രതിരോധ നിരപൊട്ടി.
തുടര്‍ന്നു കേരളാ ഇലവന്റെ മുന്നേറ്റം. ഏഴാം മിനിട്ടില്‍ തന്നെ മാധ്യപ്രവര്‍ത്തകര്‍ ഗോള്‍ വഴങ്ങി. ഗോളിലേക്കു വഴി തുറന്നതു നൗഷാദ് പ്യാരിയായിരുന്നു.

വീണ്ടും അഷീമിനു പാസ്. അതിവേഗത്തില്‍ പാഞ്ഞടുത്ത അഷീം രണ്ടു മാധ്യപ്രവര്‍ത്തകരെ ഡ്രിബ്ലിള്‍ ചെയ്തു കയറി ബോക്‌സിലേക്കു കടന്ന ഉടനെ ഷോട്ട് പായിച്ചു. പന്തു ഗോളിയെ മറികടന്നു വലയില്‍. മൂന്നു മിനിറ്റിനുള്ളില്‍ വീണ്ടും കേരളാ ഇലവന്‍ ലക്ഷ്യം കണ്ടു. ഇത്തവണ ഹബീബ് റഹ്മാന്റെ വകയായിരുന്നു ഗോള്‍. മധ്യനിരയില്‍ നിന്നു ഹബീബ് റഹ്മാന്‍ കൊണ്ടു വന്ന ബോള്‍ ഇടതുവശത്തുണ്ടായിരുന്നു അനീസിനു നല്‍കി. അനീസ് അതു അഷീമിനു കൈമാറി. ഞൊടിയിടയില്‍ മുന്നോട്ടുകയറിയ അഷീമിനെ തടയാന്‍ ശ്രമിച്ച സുജി പട്ടാമ്പിക്കു പിഴച്ചു. പന്തകറ്റാന്‍ ശ്രമിച്ച ഗോളി അഫ്രീദിയുടെ കയ്യില്‍ തട്ടിയ പന്തു പോസ്റ്റ് ബാറില്‍ തട്ടി മടങ്ങി. തക്കം പാര്‍ത്തിരുന്ന ഹബീബ് റഹ്മാന്‍ അതു പോസ്റ്റിലേക്കു തിരിച്ചുവിട്ടു. (2-0).

Sharing is caring!