കരിപ്പൂര്‍ വിമാനത്തവള വികസനത്തിന് പുതിയ മാസ്റ്റര്‍ പ്ലാന്‍
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രവൃത്തികളുടെ പുതിയ മാസ്റ്റര്‍ പ്ലാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയാറാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം കരിപ്പൂര്‍ വികസനത്തിന് 233 ഏക്കര്‍ മാത്രം മതിയെന്നാണ് അതോറിറ്റിയുടെ നിലപാട്. 96 ഏക്കര്‍ റണ്‍വേയ്ക്കും 137 ഏക്കര്‍ പുതിയ ആഭ്യന്തര ടെര്‍മിനലിനുമാണ് ആവശ്യമായി വരുന്നത്. നേരത്തെ 485 ഏക്കര്‍ ഭൂമിയായിരുന്നു സംസ്ഥാന സര്‍ക്കാരിനോട് ഏറ്റെടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. കിഴക്ക് ഭാഗത്ത് മാത്രം റണ്‍വേ നീളം കൂട്ടാനായിരുന്നു നേരത്തേയുള്ള പദ്ധതി. പ്രായോഗികമല്ലെന്ന് കണ്ട് ഇത് ഉപേക്ഷിച്ചിരുന്നു.
കരിപ്പൂര്‍ റണ്‍വേയുടെ നീളം 2860 മീറ്ററില്‍നിന്ന് 3500 ആക്കി വര്‍ധിപ്പിക്കുന്നതാണ് മാസ്റ്റര്‍ പ്ലാനിലെ പ്രധാന പദ്ധതി. റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ടറ്റങ്ങളില്‍ നീളം വര്‍ധിപ്പിക്കും. ഇതിന് നിലവില്‍ അതോറിറ്റിയുടെ കൈവശമുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഉള്‍പ്പെടെ പൂര്‍ണമായും പ്രയോജനപ്പെടുത്തും. ശേഷിക്കുന്നതിന് ആവശ്യമായ 96 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം.
റണ്‍വേയുടെ വീതി നിലനിര്‍ത്തി നീളം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. മണ്ണിട്ട് ഉയര്‍ത്തി റണ്‍വേ രണ്ടറ്റത്തും നീളം കൂട്ടുന്ന പദ്ധതി വഴി വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാകും. പുതിയ ആഭ്യന്തര ടെര്‍മിനല്‍ നിര്‍മിക്കാന്‍ 137 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിവലിലെ ടെര്‍മിനലുകളുടെ പിറകിലായി റണ്‍വേയുടെ മറുവശത്താണ് നിര്‍ദിഷ്ട ടെര്‍മിനല്‍.
ആഭ്യന്തര ടെര്‍മിനല്‍ അവിടേക്ക് മാറ്റിയാല്‍ നിലവിലുള്ള ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകും. ഇതോടെ സമീപത്തെ കുമ്മിണിപറമ്പ് ഭാഗത്തേക്കും വിമാനത്താവളത്തിന് പുതിയ കവാടം വരുന്ന രീതിയില്‍ ആണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
വിമാനത്താവള വികസനത്തിന് വന്‍തോതില്‍ സ്ഥലമേറ്റെടുപ്പിന് തദ്ദേശ വാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അത്യാവശ്യ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പുതിയ മാസ്റ്റര്‍ പ്ലാന്‍ ഡി.ജി.സി.എക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയതിന് ശേഷമായിരിക്കും സര്‍ക്കാരിന് കൈമാറുക.
കരിപ്പൂര്‍ സ്ഥലമേറ്റടുപ്പിനോട് തദ്ദേശ വാസികള്‍ക്ക് കടുത്ത എതിര്‍പ്പാണ്. അതിനിടെ കരിപ്പൂരില്‍ റിസ നിര്‍മാണ പ്രവൃത്തികള്‍ക്കായി ഡി.ജി.സി.എയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. റിസ അടുത്തുതന്നെ പൂര്‍ത്തിയാകുന്നതോടെ ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കും.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.