ഇറാഖ് ഫുട്‌ബോള്‍ ടീമിന്റെ സ്വന്തം മലപ്പുറത്തുകാരന്‍

ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇറാഖ് ടീമിന്റെ ലെയ്‌സണ്‍ ഓഫീസറും മലയാളിയുമായ സമദ് ഇന്ന് ഇറാഖ് ടീമിന്റെ തന്നെ ഭാഗമായിരിക്കുകയാണ്. അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് മലപ്പുറം മക്കരപറമ്പ്‌ സ്വദേശിയായ സമദ്. 24 ടീമുകള്‍ക്കുള്ള ലെയ്‌സണ്‍ ഓഫീസര്‍മാരില്‍ ഇടം പിടിച്ച ഏക മലയാളി കൂടിയാണ് സമദ്.

ടീമിനൊപ്പം ചേര്‍ന്നതുമുതല്‍ ഇറാഖി ടീം സമദിനെയും കാര്യമായി പരിഗണിക്കുന്നുണ്ട്. അടുത്തിടെ സമദിന്റെ ജന്മദിനം ഫെയ്‌സ്ബുക്ക്‌ വഴി നേരത്തെ മനസിലാക്കി ഉഗ്രനൊരു പാര്‍ട്ടിയും ഇറാഖ് ടീം സമദിന് സമ്മാനിച്ചു.

യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഇറാഖി ജനതയുടെ അതിജീവനമാണ് ഫുട്‌ബോള്‍. പ്രൊഫഷണല്‍ ഫുട്ബാളിലെ തലതൊട്ടപ്പന്‍മാരുമായി അവരെ താരതമ്യം ചെയ്യാനൊക്കില്ല. എന്നിരുന്നാലും അവര്‍ കാഴ്ചവെക്കുന്ന പോരാട്ട വീര്യം വലുതാണ്.

ആദ്യ കളിയില്‍ മെക്‌സിക്കോയെ 1-1 ന് സമനിലയില്‍ തളച്ച ഇറാഖ് രണ്ടാം മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. 21 പേരുള്ള ഇറാഖ് ടീമില്‍ നാലുപേരൊഴികെ മറ്റാര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസമില്ല. ഫിഫ നല്‍കുന്ന സാമ്പത്തിക സൗകര്യങ്ങളാണ് ഫുട്ബാളിനെ ഇറാഖില്‍ ഇപ്പോഴും താങ്ങി നിര്‍ത്തുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *