വോട്ടിലുണ്ടായ കുറവ് യു ഡി എഫ് ചര്‍ച്ച ചെയ്യും കുഞ്ഞാലിക്കുട്ടി
വേങ്ങര: ഇടതു മുന്നണി സര്‍വ സന്നാഹത്തോടെ ഒരു നിയമസഭ മണ്ഡലത്തില്‍ നിലയുറപ്പിച്ചിട്ടും, ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും വേങ്ങരയില്‍ മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാനായത് യു ഡി എഫിന്റെ തിളക്കു കൂട്ടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
വേങ്ങരയില്‍ യു ഡി എഫിന് ലഭിച്ചു കൊണ്ടിരുന്ന നിഷ്പക്ഷ വോട്ടുകളില്‍ ഇത്തവണ കുറവ് വന്നിട്ടുണ്ട്. പക്ഷേ യു ഡി എഫിന്റെ രാഷ്ട്രീയ വോട്ടുകളില്‍ ചോര്‍ച്ച വന്നിട്ടില്ല. വോട്ടിലുണ്ടായ കുറവിന്റെ കാരണം യു ഡി എഫ് ചര്‍ച്ച ചെയ്യും. 18ന് കോഴിക്കോട് ചേരുന്ന യു ഡി എഫ് യോഗം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള തിളക്കമാര്‍ന്ന വിജയം അധികം നേടാനായിട്ടില്ല. യു ഡി എഫിന്റെയും, ലീഗിന്റെയും കരുത്താണ് ഇത് വിളിച്ചോതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചു പ്രചരണം നടത്തിയിട്ടും, പോളിങ് ദിവസം സോളാര്‍ എന്ന അണുബോംബ് വര്‍ഷിച്ചിട്ടും വിജയം നേടാന്‍ കഴിയാത്തതില്‍ ഇടതു മുന്നണിക്ക് നിരാശയുണ്ട്. ഇത്രയൊക്കെ കിണഞ്ഞ് ഇടതു മുന്നണി ശ്രമിച്ചിട്ടും വേങ്ങരയില്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് സ്വന്തമാക്കിയത്.
വേങ്ങര ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത് ഒരേയൊരു സൂചന മാത്രമാണ്. എതിരാളികള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും യു ഡി എഫിനെ വേങ്ങരയില്‍ തോല്‍പ്പിക്കാനാകില്ല എന്നതാണ് അത്. ഇവിടെ യു ഡി എഫിന് വോട്ട് കുറഞ്ഞത് ചര്‍ച്ചയാക്കുന്നതില്‍ അര്‍ഥമില്ല. 2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ പല മണ്ഡലങ്ങളിലും ഭൂരിപക്ഷത്തില്‍ കാര്യമായ കുറവുണ്ടായിട്ടും ആറു മാസം മുമ്പ് നടന്ന മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ആ മണ്ഡലങ്ങളിലടക്കം മികച്ച ഭൂരിപക്ഷം നേടി തിരിച്ചു വന്നത് യു ഡി എഫിന്റെയും, ലീഗിന്റെയും ശക്തിയാണ് വ്യക്തമാക്കുന്നത്. 500 വോട്ടിനും, 1500 വോട്ടിനുമൊക്കെ വിജയിച്ച അസംബ്ലി മണ്ഡലങ്ങളില്‍ പതിനായിരവും, ഇരുപതിനായിരവും വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുകയുണ്ടായി.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.