ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍.

ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍.

 

നാളെ പ്രഖ്യാപിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി പ്രവചിച്ച് മജീഷ്യന്‍ ലത്തീഫ് കോട്ടയ്ക്കല്‍. ഇന്നു വൈകിട്ടു അഞ്ചോടെ വേങ്ങര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലെറ്റര്‍പാഡിലാണ് നാളെ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം ലത്തീഫ് രേഖപ്പെടുത്തിയത്.

ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ടിന്റെ കണക്കും ഭൂരിപക്ഷവും കൃത്യമായി രേഖപ്പെടുത്തി എന്നവകാശപ്പെടുന്ന പ്രവചനം ഭദ്രമായി ഒരു ചെറിയപെട്ടിയിലിട്ട് പൂട്ടി ഇത് വീണ്ടും മറ്റൊരു പെട്ടിയില്‍ പൂട്ടിയ ശേഷം വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം സീല്‍ ചെയ്ത് വേങ്ങര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ഹമീദിനെ ഏല്‍പിച്ചു. അദ്ദേഹം ഇത് ബാങ്ക് ലോക്കറിലേക്ക് മാറ്റി.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ബാങ്കിന് അവധിയും പിറ്റെ ദിവസം തിങ്കളാഴ്ച സംസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താലുമായതിനാല്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പെട്ടി തുറന്ന് ഫലം പ്രസിദ്ധീകരിക്കുക.

ഫലമെഴുതുന്ന ചടങ്ങില്‍ എസ്.ഐ കെ.അബ്ദുള്‍ ഹക്കിം, ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്ലം, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം, യൂണിറ്റ് ഭാരവാഹികള്‍, ഗോള്‍ഡ് ആന്റ്, സില്‍വല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി.അബ്ദുറഹിമാന്‍ ഹാജി, എം.എ.അസീസ്, ഹംസ പുല്ലമ്പലവന്‍, എം.കെ.സൈനുദ്ദീന്‍,പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് ട്രഷറര്‍ ടി.മൊയ്തീന്‍ കുട്ടി, പഞ്ചായത്തംഗം കെ.പി. ഫസല്‍ പങ്കെടുത്തു.

 

Sharing is caring!