ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ എടപ്പാള്‍ മുന്നേറ്റം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന ജില്ലാ കായികോത്സവത്തിന്റെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ എടപ്പാള്‍ ഉപജില്ല 230 പോയിന്റുമായി മുന്നില്‍. 43 പോയിന്റുള്ള മങ്കട ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 37 പോയിന്റ് നേടിയ താനൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തും 36 പോയിന്റുള്ള വേങ്ങര ഉപജില്ല നാലാം സ്ഥാനത്താണ്.

മേളയുടെ രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റ് മാത്രമുള്ള പരപ്പനങ്ങാടി ഉപജില്ലയാണ് ഏറ്റവും പിറകില്‍. സ്‌കൂള്‍ തലത്തില്‍ 30 സ്വര്‍ണവും 14 വെള്ളിയും അഞ്ച് വെങ്കലവുമായി 197 പോയിന്റോടെ ഐഡിയ കടശ്ശേരിയുടെ മുന്നേറ്റമാണ് എടപ്പാളിനെ ബഹുദൂരം മുന്നിലെത്തിച്ചത്. സെന്റ് മേരീസ് പരിയാപുരം സ്‌കൂള്‍ മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 37 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്.

മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമായി 21 പോയിന്റ് നേടിയ എച്ച്എച്ച്എസ്എസ് പന്തല്ലൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.മേളയുടെ രണ്ടാം ദിനത്തില്‍ 34 ഫൈനലുകളാണ് നടന്നത്.

ഇതോടെ മൊത്തം 64 ഇനങ്ങള്‍ പൂര്‍ത്തിയായി. മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍ ഫൈനലുകള്‍ ഇന്ന് നടക്കും. രാവിലെ 6.30ന് ആണ്‍- പെണ്‍വിഭാഗങ്ങളിലായുള്ള ക്രോസ് കണ്‍ട്രിയോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. 4ഃ100 റിലേ, പോള്‍വാള്‍ട്ട്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ലോംഗ് ജംബ് തുടങ്ങിയ ഇനങ്ങളിലാണ് സമാപന ദിവസത്തെ മത്സരങ്ങള്‍. വൈകീട്ട് നാലിന് സമാപന സമ്മേളനം ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്യും. എന്നാല്‍ അതിരാവിലെ തന്നെ തുടങ്ങുന്ന മത്സരങ്ങളെ മഴ തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.

 

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *