കരിപ്പൂരില്‍ വി.ഐ.പികളെ ബന്ധികളാക്കി മോക്ഡ്രില്‍

കരിപ്പൂരില്‍ വി.ഐ.പികളെ  ബന്ധികളാക്കി മോക്ഡ്രില്‍

അന്താരാഷ്ട്ര ദുരന്ത നിവാരണത്തോടനുബന്ധിച്ച് ജില്ലാ ഭരണ കൂടത്തിന്റെ ദുരന്ത നിവാരണ വിഭാഗം അടിയന്തിരഘട്ടങ്ങളെ നേരിടുന്നതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. എയര്‍പോര്‍ട്ടില്‍ ഭീകരര്‍ വി.ഐ.പികളെ ബന്ധികളാക്കുന്നതാണ് വിഷയം. ഇതിന്റെ ഭാഗമായി ഭീകരര്‍ എയര്‍പോര്‍ട്ടിലെ വിവിഐപി ലോഞ്ചില്‍ കയറുകയും യാത്രക്കാരെയും വിവിഐപികളെയും ബന്ധികളാക്കുകയും ചെയ്തു .

തുടര്‍ന്ന് മോചന ദ്രവ്യമായി 100 കോടി രൂപയും ഇന്ത്യ – ഇസ്രായേല്‍ ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു . തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ ഭരണ കൂടം പ്രതിനിധി എ.ഡി.എം:.ടി വിജയന്‍ ടെലിഫോണില്‍ സംസാരിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തു . എ.ഡി.എം. ഭീകരരുടെ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാറിന് ചര്‍ച്ചചെയ്യാന്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.

ഈ സമയം വിമാനത്തവള അതോറിറ്റി, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും ചേര്‍ന്ന് ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള ആലോചന നടത്തുകയും എയര്‍പോര്‍ട്ടിലെ സേനാവിഭാഗങ്ങള്‍ ഭീകരരെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. എയര്‍പോര്‍ട്ടിലെ എല്ലാ വിഭാഗം ഫോഴ്‌സുകളും ഏതൊരടിയന്തിര ഘട്ടത്തെയും നേരിടാന്‍ സജ്ജമാക്കി . 40പേര്‍ വരുന്ന കേരള പോലീസിന്റെ സ്റ്റണ്ടര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ആസൂത്രിതമായ നീക്കത്തിലൂടെ ബന്ധികളെ കീഴ്‌പ്പെടുത്തി. നാലുപേരില്‍ രണ്ടുപേരെ വെടിവച്ചു വീഴ്ത്തുകയും രണ്ടു പേരെ നിരായുധരാക്കുകയും ചെയ്തു .

ഇവരെ കേരളപോലീസിനു കൈമാറുന്നതോടെ മോക്ക് ഡ്രില്ലിനു പരിസമാപ്തിയായി . ആകാംക്ഷാഭരിതമായ ഒന്നര മണിക്കൂറോളം നീണ്ടു നിന്ന മോക്ക് ഡ്രില്ലില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 150 പേര്‍ പങ്കെടുത്തു. എയര്‍ഫോഴ്‌സിലെ ഫയര്‍ ഫോഴ്‌സ് വിഭാഗം, കേരള പോലീസ്, കേരള ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌കോഡ്, സി ഐ എസ് എഫ്, തുടങ്ങിയ വിഭാഗങ്ങളാണ് പങ്കെടുത്തത്. എയര്‍ പോര്‍ട്ട് ഡയറക്ടര്‍ ഐ ടി രാധാകൃഷ്ണന്‍ , എഡിഎം. ടി വിജയന്‍, ഡെപൂട്ടി കളക്ടര്‍ പി. അബ്ദുള്‍ റഷീദ് , കൊണ്ടോട്ടി തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!