വേങ്ങരയില്‍ വിജയാഹ്‌ളാദത്തിനൊരുങ്ങി ലീഗുകാര്‍

വേങ്ങരയില്‍ വിജയാഹ്‌ളാദത്തിനൊരുങ്ങി  ലീഗുകാര്‍

വോട്ടെണ്ണിത്തീരും മുമ്പെ വേങ്ങരയില്‍ വിജയാഹ്‌ളാദ പ്രകടനങ്ങള്‍ക്കൊരുങ്ങി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കെ.എന്‍.എ ഖാദറിന് വിജയം ഉറപ്പാണെന്നാണു യു.ഡി.എഫ് പ്രവര്‍ത്തകരുടെ വിശ്വാസം ഇതിന്റെ ഭാഗമായി ആഘോഷ പരിപാടികള്‍ക്കെല്ലാം സജ്ജമായിക്കൊണ്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍. 15ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍വെച്ചാണു വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെയോടെ പ്രവര്‍ത്തകര്‍ മേഖലയില്‍ തമ്പടിക്കുകയും ആഘോഷപരിപാടികള്‍ക്കു സജ്ജമാകുകയും ചെയ്യും. ഇതിനായി പടക്കങ്ങളും കൊടിതോരണങ്ങളും ബാന്‍ഡ് മേളവും എല്ലാം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലാണു മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍. യു.ഡി.എഫ് ക്യാമ്പ് തികച്ചും വിജയ പ്രതീക്ഷയില്‍ തന്നെയാണ്.

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിനു സമാനമായ വോട്ടുകള്‍തന്നെ കെ.എന്‍.എ ഖാദറിനും ലഭിക്കുമെന്നു മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് പറഞ്ഞത്. എല്‍.ഡി.എഫ് പുറമെയുണ്ടാക്കിയ ഓളം അടിത്തട്ടില്‍ എത്തിയില്ല. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം തങ്ങള്‍ കരിതയതുപോലെയൊന്നും ഉണ്ടായില്ലെന്നും യു.എ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് ക്യാമ്പ് തികച്ചും ആത്മവിശ്വാസത്തിലാണ്.

മുസ്്ലിം ലീഗിന്റെ കുത്തക മണ്ഡലമായ വേങ്ങരയില്‍ ഇത്തവണ ഇടതുമുന്നണി ഉയര്‍ത്തുന്ന കടുത്തവെല്ലുവിളിക്ക് ബലമേകിക്കൊണ്ടാണ് സോളാര്‍ കേസിലെ പുതിയ സര്‍ക്കാര്‍ തീരുമാനം വന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത് വേങ്ങരയില്‍ യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ തീരുമാനത്തോടെ പിണങ്ങി നിന്നിരുന്ന കോണ്‍ഗ്രസ് വോട്ടുകള്‍പോലും യു.ഡി.എഫിന്റെ പെട്ടിയില്‍ വീഴാന്‍ സാധിച്ചുവെന്നാണു യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് യു.ഡി.എഫ് കരുതുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തീരുമാനം വേങ്ങരയിലെ വോട്ടര്‍മാരെ ചെറിയ രീതിയിലെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ മുഹമ്മദിനെതിരെയും കേസെടുക്കാനുള്ള തീരുമാനം വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകരെ പോലും സന്തോഷിപ്പിച്ചേക്കും. ലീഗ് അനുകൂല വോട്ടുകളില്‍ പലതും ഇളകാന്‍ ഇത് കാരണമായേക്കുമെന്നും ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സോളാര്‍ കേസിലെ പുതിയ നീക്കങ്ങള്‍ വേങ്ങരയില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ്്ലിം ലീഗ് നേതാക്കളുടെ പേരില്ല എന്നതാണ് വേങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

 

Sharing is caring!