സ്വപ്‌നങ്ങള്‍ കീഴടക്കിയ നബീലിന് നാടിന്റെ സ്വീകരണം

സ്വപ്‌നങ്ങള്‍ കീഴടക്കിയ നബീലിന് നാടിന്റെ സ്വീകരണം

മലപ്പുറം: സ്വപ്‌നങ്ങള്‍ കീഴടക്കി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ നബീല്‍ ലാലു നാട്ടില്‍ തിരിച്ചെത്തി. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങിയാണ് 18കാരന്‍ നബീല്‍ 26 ദിവസത്തിന് ശേഷം നാട്ടിലെത്തിയത്. കേരളത്തിലെത്തിയത് മുതല്‍ നിരവധി സ്വീകരണങ്ങളാണ് നബീലിന് ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയോടൊപ്പം

ഇന്ത്യ മുഴുവന്‍ സ്വന്തം സ്‌കൂട്ടറില്‍ കറങ്ങണമെന്നത് നബീലിന്റെ ആഗ്രഹമായിരുന്നു. പഠനത്തോടൊപ്പം അധ്വാനിച്ചാണ് നബീല്‍ പണം കണ്ടെത്തിയത്. സെപ്തംബര്‍ 15ന് ജന്മനാടായ പൊന്‍മളയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. സേവ് നേച്ചര്‍ സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തിയാണ് നബീല്‍ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഹൈദരാബാദ്മണാലിറോത്താങ് പാസ് വഴി ലഡാക്ക്. അതായിരുന്നു ആദ്യ ലക്ഷ്യം. മുംബൈയും രാജസ്ഥാനും ഗുജറാത്തുമെല്ലാം കടന്ന് ഗോവ വഴി തിരിച്ചെത്തിയപ്പോള്‍ സഞ്ചരിച്ചത് 8500 കിലോമീറ്റര്‍. 26 ദിവസം കൊണ്ടാണ് ഇത്രയും ദൂരം യാത്ര ചെയ്തത്.

ഓരോ നാട്ടിലെത്തുമ്പോഴും ആളുകള്‍ കൗതുകത്തോടെയാണ് നബീലിനെ കണ്ടത്. വരവും ഉദ്ദേശവും അറിയിച്ചതോടെ കൗതുകം മറന്ന് അവര്‍ സൗഹൃദത്തിലാവും. സെല്‍ഫി എടുത്ത് സ്‌നേഹവും നല്‍കിയാണ് തിരിച്ചയക്കുക. കോഴിമുട്ട വിരിയിക്കുന്ന യന്ത്രം (എഗ് ഇന്‍ക്യുബേറ്റര്‍) സ്വന്തമായി നിര്‍മിച്ച് വില്‍പ്പന നടത്തിയാണ് നബീല്‍ യാത്രക്കുള്ള പണം കണ്ടെത്തിയത്. ഒ.എല്‍.എക്‌സ് പോലുള്ള ഓണ്‍ലൈന്‍ വ്യാപാര മാധ്യമങ്ങളിലൂടെയായിരുന്നു വിപണനം.

കോട്ടക്കല്‍ പൊന്മളയില്‍ അബ്ദുറഹിമാന്‍ കടവത്ത് ഹൗവ്വാ ഉമ്മ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനായി 1999 മാര്‍ച്ച് 28ന് ജനിച്ച നബീല്‍ പഠനത്തോടൊപ്പം തന്നെ കാട ഫാം നടത്തിയും വരുമാനം കണ്ടെത്തിയിരുന്നു. മൂത്ത സഹോദരി നാജിയയാണ് നബീലിന്റെ പ്രധാന സഹായി. കാസര്‍ഗോഡ് മുതല്‍ ആരവങ്ങളോടെയാണ് ആളുകള്‍ നബീലിനെ സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി നേരിട്ടെത്തി നബീലിനെ അഭിനന്ദിച്ചു. കോട്ടക്കലില്‍ സഞ്ചാരി ഗ്രൂപ്പും ഹോണ്ട കമ്പനിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഈ തിരക്കൊന്ന് കഴിയുന്നതോടെ അടുത്ത യാത്രക്കുള്ള പണം കണ്ടെത്തണം. നബീല്‍ ആഗ്രഹം പറയുന്നു. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മാസത്തെ യാത്ര അതാണ് നബീലിന്റെ ആഗ്രഹം.

Sharing is caring!