സോളാറിലെ പുതിയ കണ്ടെത്തലുകള്‍

സോളാറിലെ പുതിയ  കണ്ടെത്തലുകള്‍

2013 ഒക്ടോബര്‍ 28നാണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മിഷന്‍ പരിശോധിക്കുകയും ചെയ്തു. നാല് വോള്യത്തിലായി 1073 പേജുകളാണ് 2017 സെപ്റ്റംബര്‍ 26 നു സര്‍ക്കാരിന് സമര്‍പ്പിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്.
കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

ഉമ്മന്‍ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവരും ടീം സോളാര്‍ കമ്പനിയെയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. അന്നത്തെ ആഭ്യന്തര വിജിലന്‍സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലിസ് ഓഫിസര്‍മാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചു.

ആര്യാടന്‍ മുഹമ്മദ്

ഊര്‍ജ്ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഈ കേസില്‍ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത. എസ്. നായരെയും സഹായിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തി. കൂടാതെ സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍, എം.എല്‍.എമാര്‍, സോളാര്‍ കേസുകള്‍ അന്വേഷിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചിട്ടുമില്ല.

യുഡിഎഫ് നേതാക്കള്‍

ടീം സോളാര്‍ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിതാ എസ്. നായരുടെ ടീം സോളാര്‍ കമ്പനിയുടെ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്ത എം.എല്‍.എമാരും അവരുടെ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവി (മുന്‍ എം.എല്‍.എ), ബെന്നി ബഹന്നാന്‍ എം.എല്‍.എ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചു.

സരിതയുടെ കത്ത്

2013 ജൂലൈ 19 ലെ സരിതാ നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ട്.

പൊലിസ്

കേരള പൊലിസ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ശ്രീ. ജി.ആര്‍. അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടിക്കു ശുപാര്‍ശ. ഈ കേസില്‍ പി.സി ആക്ട് ഉപയോഗിക്കാനാകുമോ എന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷന്‍.
കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍

പൊലിസിന്റെ അച്ചടക്കം

പൊലിസ് സേനയുടെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കുവാന്‍ അനുയോജ്യമായ കാര്യക്ഷമതയുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്.

തടവുകാരെ കൊണ്ടുപോകല്‍

ജയില്‍ അധികാരികളും ബന്ധപ്പെട്ട പൊലിസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് ശരിയായ നടപടികള്‍ സ്വീകരിച്ചുകൊണ്ടല്ല എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജയില്‍ അധികൃതരും ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരും ആവശ്യമായ പൊലിസ് അകമ്പടി ഇത്തരം കാര്യങ്ങളില്‍ നല്‍കേണ്ടതുണ്ട്.

സെക്രട്ടേറിയറ്റിലെ സി.സി.ടി.വി

സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കുവേണ്ടി സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ചുരുങ്ങിയപക്ഷം ഒരു വര്‍ഷമോ അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോള്‍ അവ നിറഞ്ഞുകഴിഞ്ഞാല്‍ ഇതിലെ ദൃശ്യങ്ങള്‍ ശരിയായ രീതിയില്‍ പകര്‍ത്തി സംരക്ഷിക്കുകയോ ചെയ്യേണ്ടതാണ്.

അനര്‍ട്ട്

ഊര്‍ജ്ജ വകുപ്പിനു കീഴിലാണ് ‘അനര്‍ട്ട്’ പ്രവര്‍ത്തിക്കുന്നത്. ഇതിനെ ശരിയായ രീതിയില്‍ നടത്തിയാല്‍ സൗരോര്‍ജ്ജത്തിന്റെ നിര്‍മാണത്തിനും വിതരണത്തിനും വികാസത്തിനും വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും.

Sharing is caring!