വേങ്ങരയില്‍ പോളിംഗ് ശതമാനം കൂടുന്നു

വേങ്ങരയില്‍ പോളിംഗ്  ശതമാനം കൂടുന്നു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം വര്‍ധിക്കാന്‍ സാധ്യത. പ്രതീക്ഷയില്‍ മുന്നണികളും സ്ഥാനാര്‍ഥികളും. ഉച്ചയ്ക്ക് 1 മണി വരെ 46 ശതമാനം പോളിങ്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്നതാണ് വിവി പാറ്റ് സംവിധാനം.

1,70,006 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 165 പോളിംങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പോളിങ് ശതമാനത്തിലെ കുറവാണ് മുന്നണികളെ അലട്ടുന്നത്. ഇത്തവണ അതു പരിഹരിക്കാമെന്ന് പ്രതീക്ഷയില്‍ ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്.

വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ത്ഥികളാണു മത്സര രംഗത്തുള്ളത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍.ജയം നിലനിര്‍ത്താന്‍ യുഡിഎഫും,അടിയൊഴുക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫും, ശക്തമായ മല്‍സരം കാഴ്ച വയ്ക്കാന്‍ ബിജെപിയും രംഗത്തുണ്ട്.

10 പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ചയാണ്.

വോട്ടെടുപ്പിനു ശേഷം സീല്‍ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ത്തന്നെ തിരിച്ചെത്തിക്കും. ഇവിടെയാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍നടക്കുന്ന 15വരെ സിഐഎസ്.എഫിന്റെ കാവലില്‍ സ്‌ട്രോങ് റൂമുകളില്‍ യന്ത്രങ്ങള്‍ സൂക്ഷിക്കും.

വേങ്ങരയുടെ തെരഞ്ഞെടുപ്പ് ചരിത്രം യു.ഡി.എഫിന് അനുകൂലമാണ്. മണ്ഡലം നിലവില്‍ വന്നശേഷമുള്ള അഞ്ചുതിരഞ്ഞെടുപ്പുകളിലും അവര്‍ക്കായിരുന്നു മേല്‍ക്കൈ.2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില് യഥാക്രമം 38, 237, 38,057 വോട്ടുകളായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. 2014, 2017 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ 42, 632, 40, 529 വോട്ട് വീതവും ഭൂരിപക്ഷം നേടി.
മുസ്ലിംലീഗ്‌കോണ്‍ഗ്രസ് പടലപ്പിണക്കങ്ങള്‍ക്കിടെ നടന്ന 2015ലെ തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ഭൂരിപക്ഷം നിലനിര്‍ത്തി. എന്നാല്‍, കണക്കില്‍ കാര്യമില്ലെന്ന പറയുന്ന എല്‍.ഡി.എഫ്. 2014 ലേക്‌സഭാ തിരഞ്ഞെടുപ്പിലും 2006, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മലപ്പുറത്തുണ്ടായ അട്ടിമറി വിജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Sharing is caring!