പെറ്റമ്മയേയും പിറന്നമണ്ണും കാണാന്‍ കൊതിച്ച് സുഡാനിലെ ഹാനി

പെറ്റമ്മയേയും പിറന്നമണ്ണും  കാണാന്‍ കൊതിച്ച്   സുഡാനിലെ ഹാനി

മലപ്പുറം: പെറ്റമ്മയേയും പിറന്നമണ്ണും കാണാന്‍ കൊതിച്ച് സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലി. മാതാവായ കോഴിക്കോട് സ്വദേശിനി നൂര്‍ജഹാനില്‍ നിന്ന് നാലര വയസ്സുള്ളപ്പോള്‍ പിതാവ് നാദര്‍ മര്‍ഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ. പിന്നീട് മകനെ കുറിച്ചുള്ള ഒരു വിവരവും മാതവും തിരിച്ചുമകനും അറിഞ്ഞിരുന്നില്ല. ഇന്ന് ഹാനിക്ക് വയസ്സ് 21ആയി. പിതാവ് സുഡാനില്‍ തിരിച്ചെത്തിയ ശേഷം മറ്റൊരു വിവാഹവും കഴിച്ചു കുടുംബമായി കഴിയുന്നു. ഇതോടെ ഹാനി ഒറ്റപ്പെട്ടു. പിതാവ് നാദര്‍ മര്‍ഗാനി പഠന ആവശ്യാര്‍ഥം കോഴിക്കോട് എത്തിയപ്പോഴാണു നൂര്‍ജഹാനെ പരിചയപ്പെടുന്നത്. തുടര്‍ന്നു മകന്‍ ജനിച്ച ശേഷം ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞാണു മകനെയും കൂട്ടി സുഡാനിലേക്ക് പോയത്. പിന്നീട് ഇരുവരേയും കുറിച്ചു നൂര്‍ജഹാന് ഒരുവിവരവും ലഭിച്ചില്ല.

പീന്നീട് ഫെയ്‌സ്ബുക്ക് വഴി മാതാവിനെയും സഹോദരിയെയും കണ്ടെത്തിയ ഹാനി ഇന്ത്യന്‍ പൗരത്വം കിട്ടുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം ദുബായില്‍വെച്ച് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ കണ്ടു. സുഡാനില്‍നിന്നും ദുബായിലെത്തിയ ഹാനി നിലവില്‍ ഇവിടെ ഡോക്യൂമെന്റ് ക്ലാര്‍ക്കായി ജോലിചെയ്തുവരികയാണ്
സുഡാനില്‍ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്റെ ശ്രമഫലമായി ദുബൈയിലുള്ള സഹോദരി സമീറ വഴിയാണ് ഫെയ്‌സ്ബുക്കിന്റെ സഹായത്താല്‍ ഹാനിക്ക് മാതാവിനെ കണ്ടെത്താനായത്. യു.എ.ഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക പ്രവര്‍ത്തകരുടെയും പ്രയത്‌നത്തിലാണു മാതാവിനെയും മകനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

ദുബൈയില്‍ നിന്ന് ഹാനിക്ക് ഇന്ത്യന്‍ പൗരത്വ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കി.

വിഷയത്തിന്റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദ്വാനം ചെയ്തു. പാസ്‌പോര്‍ട്ട് കോണ്‍സുല്‍ പ്രേം ചന്ദും സന്നിഹിതനായിരുന്നു.
ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി. കെ അന്‍വര്‍ നഹ, സാമൂഹ്യ പ്രവര്‍ത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു.കോണ്‍സുല്‍ ജനറല്‍ ഉറപ്പ് നല്‍കിയതോടെ തന്റെ പെറ്റമ്മയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ കഴിയുവാന്‍ ജന്മനാട്ടില്‍ എത്താനുള്ള ദിവസം കാത്ത് കഴിയുകയാണ് ഹാനി.

നാട്ടിലെത്താനുള്ള മോഹവുമായാണ് ഹാനി മുസ്ലിംലീഗ് പ്രവാസിസംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്റ് പി.കെ അന്‍വര്‍നഹയെ വന്നുകാണുന്നത്. സംഘനയുടെ ഇടപെടലോടെയാണു വിഷയം ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചത്. ഇന്ത്യന്‍പൗരത്വം ലഭിക്കാന്‍ ഏറെ നിയമ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍തന്നെ ആദ്യഘട്ടത്തില്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒ.സി.ഐ) കാര്‍ഡ് ലഭ്യമാക്കി നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ഹാനി. കാര്‍ഡ് ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യന്‍പൗരത്വം പിന്നീട് വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രണ്ടുമാസത്തിനകം രന്നെ ഒ.സി.ഐ കാര്‍ഡ് ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Sharing is caring!