ദീലീപിന്റെ പുതിയ സിനിമാ ഷൂട്ടിംഗ് വേങ്ങരയില്‍ തുടങ്ങി

മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ പുതിയ സിനമയായ കമ്മാര
സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പടത്തിന്റെ ഷൂട്ടിംഗ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ആവേശം പകര്‍ത്തിയാണു പുനരാരംഭിച്ചത്. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയുടെ യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്.

മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്തുന്നത്. ദിലീപ് ഇതുവരെ സംഘത്തില്‍ചേര്‍ന്നിട്ടില്ല. ഈമാസം 20ഓടു കൂടി ദിലീപ് ചിത്രീകരണത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദിലീപും സംഘത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ 25ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ വേങ്ങര ബസ്റ്റാന്റ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഷൂട്ടിംഗ് നടന്നു.

നാളെയും മറ്റെന്നാളും സംഘം വേങ്ങരയില്‍തന്നെയുണ്ടാകും. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനംചെയ്യുന്നത്. നമിതാപ്രമോദാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. 20കോടി രൂപാ ചെലവുള്ള സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്.

ദിലീപ് വ്യത്യസ്തമായ മൂന്നു വേഷങ്ങളിലാണു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതില്‍ 93വയസ്സുകാരനായും ദിലീപ് എത്തുന്നുണ്ട്. ദിലീപ്, സിദ്ദാര്‍ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണു ഇനി ചിത്രീകരിക്കാനുള്ളത്. ദിലീപിന്റെ മറ്റൊരു ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

Sharing is caring!