വേങ്ങരയില്‍ എല്‍.ഡി.എഫ് ശുഭാപ്തി വിശ്വാസത്തില്‍

വേങ്ങരയില്‍ എല്‍.ഡി.എഫ്  ശുഭാപ്തി വിശ്വാസത്തില്‍

വേങ്ങരയില്‍ എല്‍.ഡി.എഫ് ക്യാമ്പ് തീര്‍ത്തും ശുഭാപ്തി വിശ്വാസത്തിലാണെന്നു തെരഞ്ഞെടുപ്പ്് ജനറല്‍ കണ്‍വീനര്‍ ഇ.എന്‍ മോഹന്‍ദാസ്, യു.ഡി.എഫിനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നുതന്നെയാണു പ്രതീക്ഷ. എത്രശതമാനം വോട്ട് ലഭിക്കുമെന്നു ഇപ്പോള്‍ പറയാനാകില്ലെന്നും വോട്ട്‌ചെയ്തു കഴിഞ്ഞാല്‍ ഏകദേശ രൂപം ലഭിക്കുമെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു.

വേങ്ങരയില്‍ ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടിയിറങ്ങി. നാളെ നടക്കുന്ന വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നലെ അവസാനിച്ചു. 15നാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ മാസം 15നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാനായി ഇടതുവലതു മുന്നണികള്‍ക്കൊപ്പം എന്‍.ഡി.എയും എസ്.ഡി.പി.ഐയും പ്രചരണം നടത്തിയ വേങ്ങരയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭരണവുമാണ് മുന്നണികള്‍ പ്രധാന ചര്‍ച്ചയാക്കിയത്. മണ്ഡലം രൂപീകരിച്ച് ആറു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2011 ലും 2016ലും മികച്ച ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ച വേങ്ങരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ കുറഞ്ഞൊന്നും ലീഗ് പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
അതേ സമയം ഇന്നലെ വേങ്ങര ടൗണില്‍ നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശം പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നടന്നില്ല. ഓരോ പഞ്ചായത്തിലും വിവിധ മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വിവിധ പഞ്ചായത്തുകളില്‍ നടത്താനാണു പോലീസ് നിര്‍ദ്ദേശിച്ചത്. വേങ്ങര പഞ്ചായത്ത് ചിനക്കലിലും, കണ്ണമംഗലം അച്ചനമ്പലത്തും ,പറപ്പൂര്‍ പഞ്ചായത്ത് പാലാണിയിലും, എ.ആര്‍.നഗര്‍. കുന്നുംപുറത്തും ഊരകം വെങ്കുളത്തു മാണ്. കൊട്ടിക്കലാശം നടത്തിയത്. ഉച്ചയ്ക്കു രണ്ടു മുതല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ്,.എസ്. ഡി.പി.ഐ.പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം മൂന്നാകുമ്പോഴേക്കും പോലീസ് ഇടപെട്ട് ഒഴിപ്പിച്ചു. ഇതിനിടെ സി.പി.എം.പ്രവര്‍ത്തകര്‍ പോലീസിനെ കൂവി വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി ഇതോടെ സമാപനം കാണാന്‍ ടൗണിലെത്തിയവരെയും, ആടി തിമിര്‍ക്കാനെത്തിയ പ്രവര്‍ത്തകരെയും പോലീസ് വിരട്ടി ഓടിച്ചു.

2016ല്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച അഡ്വ.പി.പി ബഷീര്‍ തന്നെയാണു ഇത്തവണയും ഇടതു സ്ഥാനാര്‍ഥി. 2016ലെ തെരഞ്ഞെടുപ്പില്‍ 34,124 വോട്ടുകള്‍ മാത്രമാണ് പി.പി ബഷീറിന് ലഭിച്ചത്.
കാലങ്ങളായി വിജയിച്ചുകയറുന്ന മുസ്ലിംലീഗ് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ ഒന്നര വര്‍ഷത്തെ പ്രകടനം എന്നിവ വിശദീകരിച്ചാണ് എല്‍.ഡി.എഫ് പ്രചരണം നടത്തിയത്.

മുഖ്യമന്ത്രിയും വി.എസും ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരും എല്‍.ഡി.എഫ് സംസ്ഥാന നേതാക്കളും കുടുംബയോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത് ശക്തമായ പ്രചരണമാണ് വേങ്ങരയില്‍ നടത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സജീവ പ്രചരണം യു.ഡി.എഫ് കേന്ദ്രങ്ങളെ ആവേശത്തിലാക്കി.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും എന്‍.ഡി.എയും പ്രചരണത്തില്‍ മുന്നിട്ടു നിന്നു. ജനരക്ഷായാത്രയും വേങ്ങരയിലൂടെ കടന്നുപോയതോടെ എന്‍.ഡി.എ ക്യാമ്പുകളും ആത്മവിശ്വാസത്തിലാണ്. കെ.എന്‍.എ ഖാദര്‍(യു.ഡി.എഫ്, അഡ്വ. പി.പി ബഷീര്‍(എല്‍.ഡി.എഫ്), കെ. ജനചന്ദ്രന്‍ മാസ്റ്റര്‍(എന്‍.ഡി.എ), അഡ്വ. കെ.സി നസീര്‍(എസ്.ഡി.പി.ഐ), അഡ്വ. കെ. ഹംസ(സ്വത), ശ്രീനിവാസ്(സ്വത)എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

ഉപതെരഞ്ഞെടുപ്പില്‍ വിധി എഴുതാന്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,750 പുരുഷവോട്ടര്‍മാരും 82,259 സ്ത്രീ വോട്ടര്‍മാരുമുണ്ട്. മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ട്.

Sharing is caring!