ഒന്നാം സ്ഥാനം തന്നെയാണ് പ്രതീക്ഷയെന്ന് എസ്.ഡി.പി.ഐ

ഒന്നാം സ്ഥാനം തന്നെയാണ് പ്രതീക്ഷയെന്ന് എസ്.ഡി.പി.ഐ

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. യു.ഡി.എഫ് രണ്ടാം സ്ഥാനത്തേക്കും മാറുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മജീദ് ഫൈസി. പറഞ്ഞു. ഒന്നാം സ്ഥാനം തങ്ങള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ മതേതര കക്ഷികളുടെ പരാജയമാണു വേങ്ങരയിലെ വോട്ടര്‍മാര്‍ വിലയിരുത്താന്‍ പോകുന്നത്.

ഫാഷിസ്റ്റ് വിരുദ്ധ ശക്തികളെന്നു മേനി നടിക്കുന്ന കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടേയും സോഷ്യലിസ്റ്റ് ശക്തികളുടെയും പരാജയമാണ് ബിജെപി അധികാരത്തിലെത്താന്‍ കാരണം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ യു.ഡി.എഫ് വാചക കസര്‍ത്തു മാത്രമാണ് നടത്തുന്നത്. പിണറായി സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് വേങ്ങരയില്‍ നടക്കാന്‍ പോകുന്നത്. ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധവും ആര്‍എസ്എസ് അനുകൂല നിലപാടുകളുമാണ് ഭരണം കിട്ടിയ ശേഷം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം വേങ്ങരയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എസ്ഡിപിഐക്കു കഴിഞ്ഞിട്ടുണ്ട്.

ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും പരിമിതികളുണ്ടെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ തന്നെ അതിനാല്‍ തന്നെ അവര്‍ക്കെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വളരെ പ്രതീക്ഷയോടെയാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ വലിയ മുന്നേറ്റം നടത്തും. ഇടതു സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. നിലപാടുകളിലെ വൈരുദ്ധ്യവും അവ്യക്തതയുമാണ് ലീഗിനും കോണ്‍ഗ്രസിനും സിപിഎമ്മിനും ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ വിനയാകുന്നത്.

സിപിഎം ബിജെപി ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളും കൊലപാതകങ്ങളും നടത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ.് വേങ്ങരയില്‍ അവരിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ ഉത്തരേന്ത്യയിലെ ഗോ സംരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. ഫൈസല്‍ വധം, റിയാസ് മൗലവിവധം എന്നിങ്ങനെ കേരളത്തില്‍ കണ്‍മുന്നില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് നിശബദത പാലിക്കുകയാണ്. ഇതെല്ലാം വേങ്ങരയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തിരിച്ചറിയാന്‍ പോവുകയാണ.് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ് പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഐ സമീല്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും എക്‌സി.കമ്മിറ്റിയംഗം ഫ്രാന്‍സിസ് ഓണാട്ട് നന്ദിയും പറഞ്ഞു.

Sharing is caring!