സംസ്ഥാന സ്‌കൂള്‍ ഫുട്ബോള്‍ ടീമില്‍ മലപ്പുറത്തെ ആറ് ചുണക്കുട്ടികള്‍

സംസ്ഥാന സ്‌കൂള്‍ ഫുട്ബോള്‍  ടീമില്‍ മലപ്പുറത്തെ ആറ് ചുണക്കുട്ടികള്‍

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ ഫുട്ബോള്‍ ടീമില്‍ മലപ്പുറത്തെ ആറ് ചുണക്കുട്ടികള്‍ സ്ഥാനം പിടിച്ചു. കാശ്മീരില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഫുട്ബോള്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് രണ്ടുപേരെയും മുംബൈയില്‍ നടക്കുന്ന സീനിയര്‍ വിഭാഗത്തിലേക്ക് നാലുപേരുമാണ് വിവിധ സ്‌കൂളുകളില്‍ നിന്ന് ടീമിലെത്തിയത്.

ഷെബിന്‍ സിറാജ്(എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര), എസ്. സിജു(എം.എസ്.പി. മലപ്പുറം) എന്നിവരാണ് ജൂനിയര്‍ വിഭാഗത്തില്‍ ഇടം പിടിച്ചത്. എന്‍.പി. അക്ബര്‍ സിദ്ദിഖ്, ടി. അമല്‍ ഹബീബ്, കെ. സുധീഷ്(എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര), യു. മുഹമ്മദ് സലീം(എം.ഇ.എസ്.എച്ച്.എസ്.എസ്. ഇരിമ്പിളിയം) എന്നിവര്‍ സീനിയര്‍ കുപ്പായവും അണിയും.

കണ്ണൂരില്‍ നടന്ന നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മിടുക്കന്മാര്‍ക്ക് കേരളത്തിന്റെ കുപ്പായമിടാന്‍ ഭാഗ്യമുണ്ടായത്. കഴിഞ്ഞ വര്‍ഷം ആന്‍ഡമാനില്‍ നടന്ന ജൂനിയര്‍ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പായ കേരളം ഇത്തവണ കപ്പുമായി വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം പടുത്തുയര്‍ത്തിയത്.

നവംബറില്‍ കാശ്മീരിലാണ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് മുംബൈയില്‍ നടക്കും. ഒക്ടോബര്‍ അവസാനവാരം ഇരുവിഭാഗങ്ങള്‍ക്കുമുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിക്കും.

Sharing is caring!