പ്രചരണം തുടങ്ങിയത് മിനി ഊട്ടിയില്‍ നിന്ന്

പ്രചരണം തുടങ്ങിയത് മിനി ഊട്ടിയില്‍  നിന്ന്

ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ നിന്നാണ് ഇന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനഘട്ട വോട്ടഭ്യാര്‍ത്ഥനക്കായി ഖാദറെത്തി. മിനി ഊട്ടിയിലെ ജാമിഅ അല്‍ഹിന്ദ് അറബിക് കോളജിലായിരുന്നു ആദ്യത്തെ സന്ദര്‍ശനം. പിന്നീട് സമീപത്തുള്ള ഫാത്തിമമാതാ പള്ളിയിലേക്ക്. പള്ളിയിലേക്ക് കയറുന്നതിനിടക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ ഫോണ്‍ കോള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാകുമെന്ന്് അറിയിച്ച് വിജയാശംസകളും നേര്‍ന്നാണ് കെ.എം മാണി അവസാനിപ്പിച്ചത്. ഏതാനും മിനുറ്റുകള്‍ക്കകം തന്നെ പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ പുറത്തേക്കിറങ്ങി.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ജനകൂട്ടം സ്ഥാനാര്‍ത്ഥിയെ പൊതിഞ്ഞു. വോട്ടുകളെല്ലാം കോണിക്ക് തന്നെയെന്ന് തറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും പിന്തുണ ഉറപ്പിച്ച് മുന്നോട്ട്. പള്ളി മേലധികാരി ഫാദര്‍ ജോസഫ് പാലക്കാട്ടിനെ സന്ദര്‍ശിച്ച് മടക്കം. പോകുന്ന പോക്കില്‍ ലേലം വിളിയിലും പങ്കുചേര്‍ന്നു. 500 രൂപക്ക് രണ്ടു താറാവിനെ ലേലവും വിളിച്ചാണ് അവിടെ നിന്നിറങ്ങിയത്. പിന്നെ നേരെ വട്ടപ്പറമ്പ് കോളനിയിലേക്ക്്. അവിടെ കൂടിയിരുന്ന സ്ത്രീകളോട് വോട്ടഭ്യാര്‍ത്ഥിച്ചു. ഉച്ചക്ക് മുമ്പെ രണ്ടു കല്യാണ വീടുകളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. കല്യാണ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത മണ്ഡലത്തില്‍ വന്‍മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പര്യടനങ്ങളിലും മറ്റും നേടിയ മേല്‍ക്കൈ യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും വിവിധ പരിപാടികളില്‍ പങ്കെടുത്തു. കുടുംബ യോഗങ്ങളും കണ്‍വന്‍ഷനുകളുമായി മണ്ഡലത്തില്‍ ഇന്നലേയും യു.ഡി.എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞുനിന്നു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാനഘട്ടത്തില്‍ കൂടുതല്‍ വോട്ടര്‍മാരുടെ അടുത്തെത്തുകയും പിന്തുണ തേടുകയുമാണ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

Sharing is caring!