എതിര്‍പ്പിനെ അവഗണിച്ചാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു എം.എം ഹസ്സന്‍

എതിര്‍പ്പിനെ അവഗണിച്ചാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു എം.എം ഹസ്സന്‍

തന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നു കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. ഹര്‍ത്താലിന് വ്യക്തിപരമായി എതിരാണെന്നും മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍വെച്ച് ഹസ്സന്‍ പറഞ്ഞു.
യു ഡി എഫ് യോഗത്തില്‍ ഹര്‍ത്താലിന് എതിരായ നിലപാടാണ് താന്‍ സ്വീകരിച്ചത്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയത്തിനെതിരെ ഹര്‍ത്താല്‍ വേണമെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടതോടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഏറ്റവും അവസാനം ഉപയോഗിക്കേണ്ട സമരമുറയാണ് ഹര്‍ത്താല്‍. ഇപ്പോള്‍ ആദ്യം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ്.

ഇതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ജനരക്ഷാ യാത്ര രാക്ഷസ യാത്രയാണ്. കേരളത്തില്‍ യാത്രക്ക് സൗകര്യമൊരുക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറയേണ്ടിയിരുന്നു. ഇതിന് പകരം വന്‍ പോലീസ് സുരക്ഷയാണ് യാത്രക്ക് ഒരുക്കിയതെന്നും ഇത് സി പി എം-ബി ജെ പി ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷ വിലയിരുത്തലാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം തനിക്കില്ല. ഭരണത്തെയാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തേണ്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെയുള്ള വിലയിരുത്തലാകും വേങ്ങര ഉപതിരഞ്ഞെടുപ്പ്.

പാര്‍ലമെന്റ്, നിയസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. പ്രധാനമന്ത്രി കുറെ കാലമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യമാണിത്. ഇതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആലോചിക്കാതെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!