ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ക്ഷേത്രഭണ്ഡാരം  കുത്തിത്തുറന്ന് മോഷണം

പൊന്നാനി: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയില്‍ യുവാവിനെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പൊന്നാനി കോടതിപ്പടി സ്വദേശി പടിഞ്ഞാറേ പഴയകത്ത് അബ്ദുല്‍ കരീം (50) നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മോഷണത്തിനിടയില്‍ പിടിയലായത്.

കുറ്റിക്കാട് ഭഗവതിക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് പ്രതി കുത്തിത്തുറന്നത്. ആദ്യം ക്ഷേത്രത്തിലെ ഉപക്ഷേത്രമായ മുരുകന്‍ കോവിലിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവറിലാക്കി. ഈ സമയം ക്ഷേത്രത്തില്‍ കാവലിരുന്ന രണ്ടുപേര്‍ ഇത് ഒളിഞ്ഞ് നിന്നുകാണുന്നുണ്ടായിരുന്നു. പിന്നീട് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ ഭണ്ഡാരം കുത്തിത്തുറന്നു. അത് കഴിഞ്ഞ് പ്രധാന ശ്രീകോവിലായ ഭഗവതിക്ഷേത്രത്തിന്റെ ഭണ്ഡാരം തുറന്ന് പണം കവറിലാക്കി. അത് കഴിഞ്ഞ് വനദുര്‍ഗ്ഗാ ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരവും പൊളിച്ച് പണം അപഹരിച്ചു. ക്ഷേത്രത്തില്‍ കാവലിരുന്നവര്‍ കമ്മിറ്റി ഭാരവാഹികളെയും മറ്റും മൊബൈല്‍വഴി വിവരമറിയിച്ചു.

ഇതോടെ നാട്ടുകാരും ഭാരവാഹികളുമെത്തി ക്ഷേത്രം വളഞ്ഞു. മോഷ്ടാവായ അബ്ദുല്‍കരീം പണവുമായി പുറത്തുകടക്കുന്നതിനിടയില്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്.ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ പോലീസെത്തി പ്രതിയെ കൈമാറി. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നാല്തവണയാണ് കുറ്റിക്കാട് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടന്നിട്ടുള്ളത്.

Sharing is caring!