മലപ്പുറത്തെ ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറത്തെ ഭക്ഷണശാലകളില്‍ നിന്ന്  പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറം ജില്ലയിലെ വിവിധ ഭക്ഷണ ശാലകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധങ്ങള്‍ പിടിച്ചെടുത്തു. നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖത്തില്‍ വിവിധ ഹോട്ടല്‍ മല്‍സ്യ മാംസ മാര്‍ക്കറ്റുകള്‍, ബേക്കറി കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 13,000 രൂപ പിഴ ഈടാക്കുകയും നോട്ടിസ് നല്‍കുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുഗുണന്റെ നേതൃത്വത്തിലാണ് നിലമ്പൂരിലും, ചന്തക്കുന്നിലും ഇന്നലെ പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും പഴകിയ ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. പഴകിയ പാല്‍ പാക്കറ്റുകളും ഭക്ഷണ സാധങ്ങളും കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള പരിശോധന റിപ്പോര്‍ട്ടും തൊഴിലാളികളുടെ ശാരീരിക ആരോഗ്യവും ഉറപ്പു വരുത്തുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സ്ഥാപനങ്ങളില്‍ സൂക്ഷിക്കണമെന്നിരിക്കെ പലരും പാലിച്ചിട്ടില്ല. ചില സ്ഥാപനങ്ങളില്‍ കാലാവധി തീര്‍ന്ന സര്‍ട്ടിഫിക്കറ്റുകളുമാണ് സൂക്ഷിച്ചിട്ടുള്ളത്.

താപ നിയന്ത്രണ സംവിധാനം ഇല്ലാത്ത ഫ്രീസറുകളില്‍ മാംസം സൂക്ഷിക്കുന്നതും ഭക്ഷണാവാശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന തുറന്ന പാത്രത്തിനടുത്തു ഇറച്ചി കഴുകി സൂക്ഷിച്ചതും കണ്ടെത്തി. ബ്രോസ്റ്റിന്റെയും തന്തൂരിയുടെയും കൂടെ കഴിക്കാന്‍ ഉപയോഗിക്കുന്ന വിനാഗിരിയില്‍ ഇട്ട കാരറ്റ്, വെള്ളരി, പച്ചമുളക് എന്നിവ പൂപ്പല്‍ ബാധിച്ചതായി കണ്ടെത്തി. കമ്മിഷണര്‍ക്ക് പുറമെ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ എസ്. ശ്യാം, കെ. ജസീല എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഗുണനിലവാരം ഇല്ലാത്ത വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുമെതിരെ പരിശോധനകളും കര്‍ശന നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Sharing is caring!