മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍ ചെന്നിത്തലയുടെ ഹര്‍ത്താലിനെ പൊളിച്ചടുക്കിയത് ഇങ്ങനെ

മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍ ചെന്നിത്തലയുടെ ഹര്‍ത്താലിനെ പൊളിച്ചടുക്കിയത് ഇങ്ങനെ

ഞാന്‍ പണ്ട് ഗോളിയായിരുനെന്ന് ചെന്നിത്തല, എന്നിട്ടാണോ ലോകകപ്പ് ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് പത്രക്കാര്‍. ലോകകപ്പ് ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ചെന്നിത്തലയെ മുട്ടുകുത്തിച്ച മാധ്യമ ഇടപെടലിങ്ങനെ.

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതികൂട്ടിലാക്കി ഹര്‍ത്താല്‍ നടത്തി വേങ്ങരയില്‍ വോട്ട് പിടിക്കാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം തിരിച്ചടിച്ചു. ഹര്‍ത്താല്‍ നടത്തി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം പൊളിച്ചടുക്കിയതാകട്ടെ മലപ്പുറത്തെ പത്രക്കാരും, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും.

മലപ്പുറം പ്രസ് ക്ലബ് വിളിച്ചു ചേര്‍ത്ത മീറ്റ് ദി പ്രസിലാണ് അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യമൊന്നമ്പരന്ന പത്രക്കാര്‍ പറഞ്ഞത് ഹര്‍ത്താല്‍ തന്നെയല്ലെയെന്ന് ഒന്നു കൂടി വ്യക്തത വരുത്തി. പിന്നെ ചോദ്യങ്ങളായി. ആദ്യ ചോദ്യം തന്നെ U-17 ലോകകപ്പിനെ ഈ ഹര്‍ത്താല്‍ ബാധിക്കില്ലേ എന്നായിരുന്നു. ഈ ചോദ്യം കേട്ടപ്പോള്‍ മാത്രമാണ് ഹര്‍ത്താല്‍ ലോകകപ്പ് ദിനത്തിലാണെന്നത് പ്രഖ്യാപിച്ചയാള്‍ ഓര്‍ക്കുന്നത്.

പിന്നെ തുരു തുരെ ചോദ്യങ്ങളായി. ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ എന്തിന് ഹര്‍ത്താല്‍ നടത്തുന്നുവെന്നായി. ഹര്‍ത്താല്‍ നിരോധനമല്ല, ഹര്‍ത്താല്‍ നിയന്ത്രണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ് അവിടെയും തടി കാത്തു പ്രതിപക്ഷ നേതാവ്.

ഇതെല്ലാം പറഞ്ഞ് മീറ്റ് ദ പ്രസ് മീറ്റ് കഴിഞ്ഞ് മണിക്കൂര്‍ രണ്ടു പോലുമായില്ല അപ്പോഴേക്കും അറിയിപ്പു വന്നു പ്രതിപക്ഷ നേതാവ് വേങ്ങരയില്‍ വൈകുന്നേരം പത്രക്കാരെ കാണുന്നു. അവിടെയും ചര്‍ച്ച ഹര്‍ത്താല്‍ തന്നെ. ചോദ്യങ്ങളുടെ മൂര്‍ച്ച കൂടുന്നു. അതിനിടെ പ്രഖ്യാപനം എറണാകുളത്ത് ലോകകപ്പ് പ്രമാണിച്ച് ഹര്‍ത്താല്‍ 3 മണി വരെയായി ചുരുക്കിയിരിക്കുന്നു. അപ്പോ പിന്നെ മലപ്പുറത്തു നിന്നു കളി കാണാന്‍ വരുന്നവര്‍ എന്തുചെയ്യുമെന്നായി. അതിനും വ്യക്തമായ ഉത്തരമില്ല ഒടുവില്‍ ഫുട്‌ബോള്‍ പ്രേമികളും ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് പറഞ്ഞൊഴിഞ്ഞും, പത്രക്കാരോട് മറുചോദ്യം ചോദിച്ചും പത്രസമ്മേളനത്തിന് വിരാമം.

ഇതിനിടെ പല പത്രക്കാരും സ്വകാര്യമായി ഹര്‍ത്താല്‍ ഈ ദിനത്തില്‍ നടത്തുന്നതിന്റെ അസ്വാഭാവികത അദ്ദേഹവുമായി പങ്കുവെച്ചിരുന്നു. പക്ഷേ ചെന്നിത്തല ഉറച്ചു തന്നെ നിന്നു.

വീഴുന്നത് വന്‍ അബദ്ധത്തിലേക്കാണെന്ന തിരിച്ചറിവുണ്ടായതാകട്ടെ വൈകിട്ട് എട്ടു മണിക്കും, ഹര്‍ത്താല്‍ 12-ാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നു, അടുത്ത അറിയിപ്പെത്തി. വാര്‍ത്ത അടിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്കയച്ചവര്‍ കോപ്പികള്‍ തിരുത്തി വീണ്ടും അയക്കുന്നു. അതിനിടെ അടുത്ത അറിയിപ്പ്, ഹര്‍ത്താല്‍ 16-ാം തിയതിലേക്ക് മാറ്റിയിരിക്കുന്നു. മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷമയുടെ നെല്ലിപ്പലക വരെ കാണിച്ചു തന്ന ഹര്‍ത്താല്‍ വാര്‍ത്തയ്ക്ക് ഒടുവില്‍ പരിസമാപനം. ഇതന്നാല്‍ നേരത്തെ ആയിക്കൂടായിരുന്നോ എന്ന അത്മഗതങ്ങളും, കുറേ ചീത്തവിളികളും. മലപ്പുറത്തെ പത്രക്കാര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനും, ഓര്‍ത്ത് ചിരിക്കാനും ഒരു ദിനം സമ്മാനിച്ച് ചെന്നിത്തലയുടെ ഹര്‍ത്താല്‍ വാര്‍ത്ത ഇനി പത്ര താളുകളിലേക്ക്.

Sharing is caring!