ഭയപ്പെടുത്തിയും ആക്രമിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.

ഭയപ്പെടുത്തിയും ആക്രമിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.

ജനരക്ഷായാത്രയുടെ പേരില്‍ പ്രകോപനമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ വശംവദരാകരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അക്രമവും കുഴപ്പവുമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് അരങ്ങേറുന്നത്. ഡല്‍ഹിയിലെ എ കെ ജി ഭവനിലേക്ക് 17 വരെ തുടര്‍ച്ചയായി മാര്‍ച്ച് നടത്താനുള്ള ആഹ്വാനം സിപിഐ എം അണികളെ പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കാനുള്ള ലക്ഷ്യംവച്ചാണ്്. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണിതെന്ന് തിരിച്ചറിയണം. ഇത്തരം പ്രകോപനങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കുടുങ്ങരുത്. പാര്‍ടി പ്രവര്‍ത്തകര്‍ പൂര്‍ണമായി ആത്മസംയമനം പാലിക്കണം- വേങ്ങര എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ജനരക്ഷായാത്രയുടെ ഭാഗമായി രാജ്യത്തെ കീഴ്‌പ്പെടുത്താന്‍വരുന്ന ശത്രുസേനയെപ്പോലെയാണ് ആര്‍എസ്എസുകാരുടെ പ്രവര്‍ത്തനം. കേരളത്തിനും സിപിഐ എമ്മിനുമെതിരെ ആര്‍എസ്എസ് നിരന്തരമായി തുടരുന്ന തെറ്റായ വര്‍ഗീയ പ്രചാരണം ദേശീയതലത്തില്‍ തുറന്നുകാട്ടാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആര്‍എസ്എസ് നടത്തിയ കൊലകളുടെയും അക്രമത്തിന്റെയും യഥാര്‍ഥ ചിത്രം സിപിഐ എം മറ്റു സംസ്ഥാനങ്ങളിലും അവതരിപ്പിക്കും. കോണ്‍ഗ്രസ് ബിജെപിക്കും ആര്‍എസ്എസിനും ഭീഷണിയല്ല. സിപിഐ എമ്മിനെയാണ് ദേശീയതലത്തിലടക്കം അവര്‍ ഭയക്കുന്നത്. സിപിഐ എമ്മിനെതിരായി പ്രചാരണം നയിക്കുന്ന അമിത് ഷാ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ്. കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ എതിരായി ബിജെപി ഒന്നും പറയുന്നില്ല. മതനിരപേക്ഷതക്കും ന്യൂനപക്ഷ സുരക്ഷക്കുമായി ഇടപെടല്‍ നടത്തുന്ന സിപിഐ എമ്മാണ് ബദലെന്ന് അവര്‍ മനസ്സിലാക്കുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിപാടി തടയുമെന്നവര്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടര്‍ച്ചയായ പ്രചാരണം അഴിച്ചുവിടുന്നു. മതനിരപേക്ഷതയിലും ജനപക്ഷത്തിലും ഊന്നിയുള്ള പിണറായി സര്‍ക്കാരിന്റെ ഇടപെടലുകള്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളുമാകെ പ്രതീക്ഷയോടെ ഈ സര്‍ക്കാരിനെ കാണുന്നു. അതിനാല്‍ പിണറായിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് സ്ഥിരമായി എതിര്‍ക്കുന്നത്. പിണറായിയുടെ ശബ്ദം സിപിഐ എമ്മിന്റെ ശബ്ദമായതിനാല്‍ അദ്ദേഹത്തെ ആക്രമിക്കുന്നു. പരിപാടികള്‍ തടയുന്നു. കേന്ദ്രഭരണം ഉപയോഗിച്ച് ആര്‍എസ്എസ് ഫാസിസ്റ്റ് രീതിയിലുള്ള പ്രവര്‍ത്തനം അഴിച്ചുവിടുകയാണ്. ഇത് മനസ്സിലാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കണം. സിപിഐ എം വിരുദ്ധ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് അവര്‍ മനസ്സിലാക്കണം. ബിജെപിയെ പാലൂട്ടിവളര്‍ത്തുകയാണെന്ന ആക്ഷേപം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്.

ഭയപ്പെടുത്തിയും ആക്രമിച്ചും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല. ആര്‍എസ്എസിന് മുന്നില്‍ സിപിഐ എം ഒരിക്കലും കീഴടങ്ങില്ല. ജനങ്ങളെയാകെ അണിനിരത്തി ഇതിനെ നേരിടും. കുമ്മനം രാജശേഖരന്റെ ജാഥക്കായി മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആര്‍എസ്എസ് ക്രിമിനലുകളെ കേരളത്തിലെത്തിച്ചിരിക്കയാണ്്. പയ്യന്നൂരില്‍ യാത്ര ഉദ്ഘാടനംചെയ്തശേഷം കരിവെള്ളൂരിലും പരിസരത്തും വ്യാപക അക്രമമഴിച്ചുവിട്ടു. സ്വാതന്ത്ര്യസമര സേനാനിയും സിപിഐ എം നേതാവുമായിരുന്ന എ വി കുഞ്ഞമ്പുവിന്റെ വീടടക്കം ആക്രമിക്കാന്‍ ശ്രമിച്ചു. കേരളത്തിന് ഇന്നുവരെ പരിചയമില്ലാത്തവിധത്തിലാണ് ജാഥയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ ഇറക്കി കുഴപ്പമുണ്ടാക്കുന്നത്. ജാഥ പോകുന്നിടങ്ങളിലെല്ലാം അക്രമമുണ്ടാക്കി മുതലെടുപ്പാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

Sharing is caring!