ചോദ്യം ചോദിച്ചും, ഉത്തരം പറയിപ്പിച്ചും പ്രചാരണം കൊഴുപ്പിച്ച് കെ പി എ മജീദ്‌

ചോദ്യം ചോദിച്ചും, ഉത്തരം പറയിപ്പിച്ചും പ്രചാരണം കൊഴുപ്പിച്ച് കെ പി എ മജീദ്‌

പറപ്പൂര്‍: വോട്ട് ചോദിച്ചും, ചോദ്യം ചോദിച്ചും ജനങ്ങളെ കയ്യിലെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് യു ഡി എഫിന്റെ പറപ്പൂര്‍ പഞ്ചായത്ത് പര്യടനത്തിലെ താരമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ ജനങ്ങളോട് തന്നെ ചോദിച്ചായിരുന്നു കെ പി എ മജീദ് സ്വീകരണ വേദികളില്‍ പ്രസംഗിച്ചത്. ആവേശം വിതച്ചും ഒപ്പം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ കുറിച്ച് ഒരായിരം ചോദ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തിയും അദ്ദേഹം പരസ്യ പര്യടനത്തിന്റെ രണ്ടാം ദിനം സ്വന്തമാക്കി.

പാചകവാതകത്തിന് 49രൂപ വര്‍ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന്. കണ്ണന്താനത്തിന് വിരുന്ന് നല്‍കിയതും, കടകംപള്ളി സുരേന്ദ്രന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയുമെല്ലാം പ്രസംഗത്തിലെ കയ്യടി നേടിയ ഭാഗങ്ങളായിരുന്നു. ജനങ്ങള്‍ക്ക് കൈ കൊടുക്കാന്‍ മടിയുള്ള നേതാവാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടി ജനങ്ങളോട് ഇടപെട്ട പോലെ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഏതൊരാള്‍ക്കും കാണാന്‍ സാധിക്കുന്നതും, ഇടപെഴകാന്‍ പറ്റുന്നതുമായ മുഖ്യമന്ത്രി ആയിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ പിണറായി വിജയനെ സഖാക്കള്‍ക്ക് പോലും കാണാനാകുന്നില്ലെന്ന് മജീദ് ആരോപിച്ചു. ജനങ്ങള്‍ക്ക് അപ്രാപ്യനായ ഭരണാധികാരിയായി പിണറായി വിജയന്‍ മാറിയെന്ന് മജീദ് പറഞ്ഞു.

പറപ്പൂര്‍ പഞ്ചായത്തിലെ ചെനയ്ക്കലില്‍ നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എ, അബ്ദുറഹിമാന്‍ രണ്ടത്താണി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എ.പി ഉണ്ണികൃഷ്ണന്‍, കെ.പി.സി.സി സെക്രട്ടറി പി.ടി അജയമോഹന്‍, ഉമ്മര്‍ അറക്കല്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!