പ്രയാസങ്ങള്‍ നേരിട്ടറിഞ്ഞ് ബഷീര്‍

പ്രയാസങ്ങള്‍ നേരിട്ടറിഞ്ഞ് ബഷീര്‍

ഊരകം പഞ്ചായത്തിലെ പ്ലാത്തോട്ടം പുല്ലന്‍ചാലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറെത്തുമ്പോള്‍ പകല്‍ പന്ത്രണ്ട്. വോട്ടഭ്യര്‍ഥന കഴിഞ്ഞപ്പോള്‍ ഒരുസംഘം പ്രദേശവാസികള്‍ അടുത്തെത്തി. ‘സാര്‍ ഒന്ന് വരണം. ഊരകം മലയില്‍നിന്നുള്ള നീരൊഴുക്കുചാലാണ് ഇത്. തെളിവെള്ളം ഒഴുകിയിരുന്ന ഇതില്‍ ഇപ്പോള്‍ അഴുക്കുവെള്ളമാണ്. വീടുകളിലെ കിണറുകള്‍ മലിനമായി. കുടിക്കാന്‍ ശുദ്ധജലമില്ല. പരാതി നല്‍കിയിട്ടൊന്നും കാര്യമില്ല’. മഴ പെയ്യാനൊരുങ്ങിയതിന്റെ തിരക്ക് വിട്ട് ബഷീര്‍ നാട്ടുകാരെ അനുഗമിച്ചു.
അകലെ മുറിവേറ്റ് നില്‍ക്കുന്ന ഊരകം മലയ്ക്ക് മേലെ അടരാനൊരുങ്ങിയ കണ്ണീര്‍തുള്ളി പോലെ ഘനീഭവിച്ച മേഘങ്ങള്‍. താഴ്‌വാരത്ത് വാഴയും മരച്ചീനിയും പച്ചക്കറിയും വിളയുന്ന കര്‍ഷകഭൂമിയുടെ വിശാലത. ഊരകം മല തുരക്കുന്ന വന്‍കിടക്കാരായ ക്വാറിമാഫിയയോട് പടവെട്ടാന്‍ കെല്‍പ്പില്ലാത്ത സാധാരണക്കാരാണ് ഇവിടെയുള്ളത്. ലീഗിന് വര്‍ഷങ്ങളായി വോട്ടുചെയ്യുന്നവര്‍. ജനിച്ച മണ്ണില്‍ ജീവിതം നിഷേധിക്കപ്പെടുന്ന അവരുടെ വിലാപം വെറുതെയല്ലെന്ന് അവിടെയെത്തുമ്പോള്‍ തിരിച്ചറിയാം. നീര്‍ച്ചോല അഴുക്കുചാലായി. ക്വാറിയില്‍നിന്നുള്ള പാറപ്പൊടി പോലുള്ള മാലിന്യങ്ങളാല്‍ കൊഴുത്ത അഴുക്കുജലം. പ്രദേശവാസികളായ മുഹമ്മദും നൗഫലുമെല്ലാം വിഷയം സ്ഥനാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ‘ജയിച്ചാല്‍ ജനപ്രതിനിധിയായും അല്ലെങ്കില്‍ അഭിഭാഷകനാ’യും ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും’ -സ്ഥാനാര്‍ഥിയുടെ ഉറപ്പ്.
ഊരകം പഞ്ചായത്തിന്റെ മലയോര മേഖലയിലെ റോഡുകള്‍ ഉയര്‍ന്ന നിലവാരമുള്ളവയതാണ്. താഴ്‌വാരത്ത് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ കാല്‍നടയാത്ര പോലും പറ്റാത്തവയും. മലയിലേക്ക് സദാസമയം കിതച്ച് കുതിക്കുന്ന ടോറസ്-ടിപ്പര്‍ ലോറികളുടെ കൂട്ടം. കൂറ്റന്‍ മല അല്‍പ്പാല്‍പ്പമായി ഖനനം ചെയ്ത് തീര്‍ക്കുകയാണ് വന്‍കിടക്കാര്‍. സ്വന്തക്കാരും ബിനാമികളുമായ ക്വാറി ഉടമസ്ഥര്‍ക്കായാണ് മികച്ച റോഡുകളുണ്ടാക്കിക്കൊടുത്തത്. പട്ടികജാതിക്കാരും പിന്നോക്കക്കാരും താമസിക്കുന്ന കോളനികളില്‍ കുടിവെള്ളമോ റോഡോ ആതുരസേവനസൗകര്യങ്ങളോ ഇല്ല. രാഷ്ട്രീയം കച്ചവടമാക്കിയ മുസ്ലീംലീഗിന്റെ വഞ്ചനയുടെ കയ്പാണ് ഇവിടുത്തെ മനുഷ്യര്‍ക്ക് ബഷീറിനോട് പങ്കിടാനുണ്ടായിരുന്നത്. ലീഗിന്റെ മൃഗീയഭൂരിപക്ഷം ഒരു ജനതയുടെ വികസനസ്വപ്‌നങ്ങള്‍ക്ക് കരിനിഴലാകുന്നതിന് ഈ നാട് സാക്ഷ്യം പറയും.
ഊരകം, വേങ്ങര പഞ്ചായത്തുകളിലാണ് ഞായറാഴ്ചത്തെ പര്യടനം. കട്ടേക്കാട് നിന്നാരംഭിച്ച് ദുര്‍ഘട മലമ്പ്രദേശങ്ങളായ പുള്ളിക്കല്ല് കീഴ്ത്തറ കോളനിയിലേക്ക്. വാദ്യമേളങ്ങളും പടക്കങ്ങളും ആവേശമുദ്രാവാക്യങ്ങളുമായി അനുഗമിക്കുന്ന ചെറുപ്പക്കാര്‍. തടപ്പറമ്പ് കോളനിയിലെ പാത്തുമ്മയുടെ വീട്ടുമുറ്റത്തെ സ്വീകരണത്തില്‍ വീട്ടമ്മമാര്‍ ഏറെ. കരിയാരത്തും കാരപ്പറമ്പിലുമുള്ള കോളനികളിലും സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ട്. വോട്ടവകാശം പ്രതിഷേധത്തിനുള്ള അടയാളമാക്കാനുള്ള നിശ്ചയദാര്‍ഢ്യമുണ്ട് എല്ലാ മുഖങ്ങളിലും. ചേലത്തൂരെത്തിയപ്പോള്‍ തുള്ളിക്കൊരു കുടംമഴ. മഴയില്‍ ആവേശ മുദ്രാവാക്യങ്ങളുടെ കുടമാറ്റം. ഉച്ചക്ക് സമാപനകേന്ദ്രമായ കല്ലേറ്റിപ്പറമ്പിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥിയെ നാട്ടുകാരിലൊരാള്‍ തൊപ്പിക്കുട അണിയിച്ചത് ക്യാമറക്കാര്‍ക്ക് വിരുന്നായി.
ഉച്ചക്ക് ശേഷം വേങ്ങര പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം. താഴെപാക്കടപ്പുറായയില്‍നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ ചുള്ളിപ്പറമ്പിലും അരീക്കുളത്തുമെത്തുമ്പോള്‍ മഴയെ കൂസാതെ പെരുകുന്ന ആള്‍ക്കൂട്ടം. എല്ലാവരും ബഷീറിനെ ആശിര്‍വദിക്കുന്നു. അതെ, വേങ്ങരയുടെ മനസ്സിലാണ് ഇപ്പോള്‍ പ്രതീക്ഷകളുടെ മഴ പെയ്യുന്നത്. വിവിധകേന്ദ്രങ്ങളില്‍ മുന്‍ എംഎല്‍എ എന്‍ കണ്ണന്‍, എ കെ ജനാര്‍ദനന്‍, ടി പി ജോര്‍ജ്, വി പി അനില്‍, ജോര്‍ജ് കെ ആന്റണി, എം മോഹന്‍ദാസ്, പി ബാലകൃഷ്ണന്‍ സംസാരിച്ചു.

Sharing is caring!