ബീഫ് വിളമ്പിയവര്‍ എന്തുകൊണ്ട് ഹാദിയയുടെ സുരക്ഷ അന്വേഷിക്കുന്നില്ല: കെ.എം.ഷാജി എം.എല്‍.എ

ബീഫ് വിളമ്പിയവര്‍ എന്തുകൊണ്ട് ഹാദിയയുടെ സുരക്ഷ അന്വേഷിക്കുന്നില്ല: കെ.എം.ഷാജി എം.എല്‍.എ

നാടു നീളെ ബീഫ് വിളമ്പി സമുദായ സ്‌നേഹം പ്രകടിപ്പിച്ചവര്‍ എന്ത് കൊണ്ടാണിപ്പോള്‍ ഹാദിയയുടെ സുരക്ഷയെ കുറിച്ചന്വേഷിക്കാത്തതെന്ന് കെ.എം.ഷാജി എം.എല്‍.എ.
ബഹ്‌റൈനില്‍ കെ.എം.സിസി സംഘടിപ്പിച്ച മാനവീയം-2017 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
ഹാദിയ പ്രശ്‌നം നടക്കുന്നത് ഉഗാണ്ടയിലല്ല. പിണറായിയുടെ കാല്‍ ചുവട്ടിലാണ്. എന്നിട്ടും അവിടെ ഒരു സ്ത്രീയെ വീട്ടു തടങ്കലിട്ടത് എന്തു കൊണ്ടാണ് പിണറായി കാണാത്തത്?. ആ സ്ത്രീക്ക് ആവശ്യമായ സുരക്ഷ ലഭിക്കുന്നുണ്ടോ എന്നന്വേഷിക്കാനെങ്കിലും പിണറായിയോ പാര്‍ട്ടിക്കാരോ എന്തു കൊണ്ടു തയ്യാറാകുന്നില്ല?. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പോലീസുകാരനെയെങ്കിലും അവളുടെ അടുത്തേക്ക് വിടാത്തതെന്തു കൊണ്ടാണെന്നും ഷാജി ചോദിച്ചു.

കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഹാദിയയുടെ വീട്ടിലെത്തിയ സാഹചര്യത്തിലാണ് പിണറായിക്കും സിപിഎം നേതാക്കള്‍ക്കുമെതിരായ ഷാജിയുടെ രൂക്ഷ വിമര്‍ശനം.

മാര്‍കിസ്റ്റു പാര്‍ട്ടിയുടെ സമുദായ സ്‌നേഹം കാപട്യമാണ്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കും അതുവഴി ഫാഷിസത്തിനും ഇവിടെ വളരാനുള്ള സാഹചര്യമൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളിലെല്ലാം ബി.ജെ.പിക്ക് വോട്ട് കൂടി കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൊന്നും ബി.ജെ.പി ഒട്ടും പുറകോട്ട് പോയിട്ടില്ലെന്ന് മാത്രമല്ല, ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്ക് വോട്ട് കൂടുന്ന കാഴ്ചയാണ് കാണുന്നത്. താന്‍ മത്സരിച്ച മണ്ഢലത്തില്‍ പോലും കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടാണ് ബി.ജെ.പി നേടിയിരിക്കുന്നത്. അവര്‍ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങിനെയാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ടുകള്‍ ഇരട്ടിയോളം വര്‍ദ്ധിക്കുന്നതെന്നും ഷാജി ചോദിച്ചു. ബി.ജെ.പിയോടുള്ള എതിര്‍പ്പ് കേവലം പ്രചരണം മാത്രമാണെന്നും ആത്മാര്‍ത്ഥമായ പ്രതിരോധമാണെങ്കില്‍ വോട്ടില്‍ പ്രതിഫലക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുസ്ലിം ലീഗ് ബി.ജെ.പിയെ പ്രതിരോധിക്കുന്നതെങ്ങിനെയെന്ന് മലപ്പുറം കണ്ട് പഠിക്കണമെന്നും അദ്ധേഹം ഉപദേശിച്ചു.

ഒരു കാലത്ത് മലപ്പുറം കത്തി കൊണ്ടു നടന്നിരുന്ന ഒരു ജനവിഭാഗത്തിന് കത്തിക്ക് പകരം പേന നല്‍കി, അക്ഷര വിപ്ലവത്തിലൂടെ വികസനവും പുരോഗതിയും നല്‍കുകയാണ് മുസ്ലിംലീഗ് ചെയ്തത്. അതേസമയം മുന്‍കാലങ്ങളില്‍ ഉപയോഗിച്ച കത്തിക്ക് പകരം വടിവാളും ബോംബും നല്‍കി ചോരക്കളം തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.

ചോരക്കളി കൊണ്ട് ഫാഷിസത്തെ ചെറുക്കാനാവില്ല. ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യം മാത്രമാണ് ആശ്രയം. ലോകത്തെവിടെയും തുല്ല്യതയില്ലാത്ത ഒരു ഭരണ ഘടനയും ഇന്ന് രാജ്യത്തിനുണ്ട്. അത് ഭരിക്കുന്നവര്‍ക്ക് വേണ്ടിയല്ല, മറിച്ച് ഭരണീയര്‍ക്കുള്ളതാണ് അത് ഉപയോഗപ്പെടുത്തി നമുക്ക് മുന്നേറാന്‍ കഴിയും. പുതിയ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ബി.ജെ.പിക്കെതിരെ പൊരുതുകയാണ് വേണ്ടത് അത് പാടില്ലെന്ന് പറയുന്നവര്‍ പറയുന്നവര്‍ ബദല്‍ വഴി എന്തെന്ന് വ്യക്തമാക്കണം. സീതാറാം യെച്ചൂരി യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടത് കൊണ്ടാണ് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നത്. എന്നാല്‍ കേരളീയ രീതിയിലും പിണറായി ശൈലിയിലും ആലോചിക്കുന്നതു കൊണ്ടാണ് പ്രകാശ് കാരാട്ടിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്നും അദ്ധേഹം പറഞ്ഞു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയുള്ള ഒരു പാര്‍ട്ടി ഭരണം കാഴ്ചവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ 60 വര്‍ഷം കൊണ്ട് സ്വന്തമാക്കിയിരുന്ന ബംഗാള്‍ പോലും നഷ്ടപ്പെടുത്തിയവരാണെന്നും ആദ്യം സ്വന്തമായി ഒരു പഞ്ചായത്തെങ്കിലും നന്നായി ഭരിച്ചു കാണിക്കാനാണവര്‍ ശ്രമിക്കേണ്ടതെന്നും ഷാജി പരിഹസിച്ചു.

ബഹ്‌റൈനിലെ ഹമദ്ടൗണ്‍ കാനൂ മജ് ലിസ് ഓഡിറ്റോറയത്തില്‍ നടന്ന പരിപാടി കെ.എം.സിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ പരപ്പന്‍ പോയില്‍ അധ്യക്ഷത വഹിച്ചു., മന്‍സൂര്‍ ബാഖവി, കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ഗഫൂര്‍ ഉണ്ണികുളം, ഷംസുദ്ധീന്‍ വെള്ളികുളങ്ങര സംസാരിച്ചു. അബ്ബാസ് വയനാട് സ്വാഗതവും ഇല്യാസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.

Sharing is caring!