ഷാര്‍ജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം, പിണറായിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടി വേങ്ങരയില്‍ എല്‍.ഡി.എഫ് പ്രചരണം

ഷാര്‍ജ ജയിലിലെ ഇന്ത്യക്കാരുടെ മോചനം, പിണറായിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടി  വേങ്ങരയില്‍ എല്‍.ഡി.എഫ് പ്രചരണം

മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍ മൂലം ഷാര്‍ജ ജയിലുകളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കപ്പെട്ട സംഭവം വേങ്ങരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന വേങ്ങര മണ്ഡലത്തില്‍ ഈ പ്രചരണം ഏശുമെന്നുതന്നെയാണു എല്‍.ഡി.എഫ് ക്യാമ്പുകള്‍ കണക്ക്കൂട്ടുന്നത്. 149 ഇന്ത്യന്‍തടവുകാരെ മോചിപ്പിക്കുമെന്നാണു ഷാര്‍ജ ഭരണാധികാരി പിണറായിക്കു വാക്കു നല്‍കിയത്. ഇതിനെ തുടര്‍ന്നു തടവറയിലുള്ളവരുടെ മോചനം ആരംഭിച്ചതായും ഷാര്‍ജയില്‍നിന്നുള്ള ഇന്ത്യന്‍മാധ്യമ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 149 ഇന്ത്യക്കാര്‍ക്ക് മോചനം സാധ്യമാകുന്നത്.

ഇവരുടെ 36 കോടിയോളം വരുന്ന സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. കൂടാതെ തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള തീരുമാനവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചിരുന്നു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.

ഷാര്‍ജയില്‍ ജോലിക്ക് പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യുഎഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.

ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിച്ചിരുന്നു.

മുസ്ലിംലീഗും യു.ഡി.എഫും ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തിടത്തു പിണറായിയുടെ ഈ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി വേങ്ങരയില്‍ പ്രചരണം നടത്താനാണു എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ:പി.പി ബഷീര്‍ 01 -10 -2017 ഞായറാഴ്ച്ച വേങ്ങര പഞ്ചായത്തില്‍ പര്യടനം നടത്തും.പര്യടന വിശദാംശങ്ങള്‍
സ്വീകരണ കേന്ദ്രം സമയം
1 താഴെ പാക്കടപ്പുറായ 3.00
2 ബാലന്‍ പീടിക 3.15
3 ഗാന്ധിക്കുന്ന് 3.30
4 കണ്ണാട്ടി പടി 3.45
5 പറമ്പില്‍പടി 4.00
6 ചേറ്റിപ്പുറം 4.15
7 മണ്ണില്‍പ്പിലാക്കല്‍ 4.30
8 പാണ്ടികശാല 4.45
9 കാളികടവ് 5.00
10 പാറമ്മല്‍ 5.15
11 അരീക്കപള്ളിയാളി 5.30
12 മനാട്ടി 5.45
13 ചുള്ളിപ്പറമ്പ് 6.00
14 തറയിട്ടാല്‍ 6.15
15 അരീക്കുളം 6.30
16 വരിവെട്ടിച്ചാല്‍ 6.45
17 വേങ്ങര ടൗണ് 7.00

Sharing is caring!