വീശ്യാസദൈര്‍ഢ്യത നേടിയവരെ പീഢനങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല: നൗഷാദ് ബാഖവി

വീശ്യാസദൈര്‍ഢ്യത  നേടിയവരെ പീഢനങ്ങള്‍ കൊണ്ട്  പിന്തിരിപ്പിക്കാനാവില്ല: നൗഷാദ് ബാഖവി

സന്മാര്‍ഗത്തില്‍ വീശ്യാസദൈര്‍ഢ്യത നേടിയവരെ പീഢനങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്ന് ഉസ്താദ് എ.എം.നൗഷാദ് ബാഖവി ബഹ്‌റൈനില്‍ പ്രസ്താവിച്ചു. സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗുദൈബിയ മദ്‌റസയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് ഇല്‍മ്1439 എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച ദ്വിദിന മതപ്രഭാഷണ പരമ്പരയില്‍ ആദ്യദിനം മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹു ഹിദായത്ത് (സന്മാര്‍ഗം) നല്‍കാന്‍ ഉദ്ദേശിച്ച ഒരു വ്യക്തിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയാല്‍ പോലും അവരെ സന്മാര്‍ഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലും ഇത്തരം നിരവധി സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

അതേ സമയം ഹിദായത്ത് നിലനിര്‍ത്താന്‍ ഉദ്ദേശിക്കപ്പെടാത്ത ഒരു വ്യക്തിയെ ചെറിയ ഒരു ഭയം കൊണ്ടോ ഭീഷണി കൊണ്ടോ വാഗ്ദാനങ്ങള്‍ കൊണ്ടോ സന്മാര്‍ഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയും. ഹിദായത്ത് നിലനില്‍ക്കാന്‍ ‘റബ്ബനാ ലാ തുസിഅ് ഖുലൂബനാ ബഅദ ഇദ് ഹദൈയ്ത്തനാ..’, ‘യാ മുഖല്ലിബല്‍ ഖുലൂബ് സബ്ബിത് ഖുലൂബനാ..’ തുടങ്ങിയ പ്രത്യേക പ്രാര്‍ത്ഥനകളും ദിക്‌റുകളും പതിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപാനം പോലുള്ള തിന്മകളില്‍ വ്യാപൃതരാകുന്നത് ഹിദായത്ത് നഷ്ടപ്പെടാനിടയാക്കുമെന്നും പ്രവാസ ലോകത്ത് അധികരിച്ചു വരുന്ന ആഭാസങ്ങളിലധിഷ്ഠിതമായ ആഘോഷങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും തന്റെ ഹിദായത്ത് നഷ്ട്‌പ്പെടുമെന്ന് ഭയന്ന് ജീവിതത്തില്‍ പൊട്ടിച്ചിരിക്കാത്ത വ്യക്തിയായിരുന്നു മഹാനായ ഖലീഫ ഉസ്മാന്‍(റ) എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ ഒരു സന്ദര്‍ഭത്തിലും അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടരുത്. ഭര്‍ത്താവും മക്കളും ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആത്മഹത്യ ചെയ്യാതെ അല്ലാഹുവില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജീവിക്കുന്ന റോഹിംഗ്യയിലെ നൂറ ആഇശയുടെ ജീവിതം പുതിയ കാലത്തെ വിശ്വാസദൈര്‍ഢ്യതയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങ് പ്രമുഖ ബഹ്‌റൈനി പണ്ഡിതന്‍ ശൈഖ് മാസിന്‍ ബിന്‍ മഹ്മൂദ് അല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഹാഷിം പി.പി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ അന്‍വരി കൊല്ലം പ്രാര്‍ത്ഥന നടത്തി. എസ്.എം അബ്ദുള്‍ വാഹിദ്, സി.കെ അബ്ദുറഹ്മാന്‍, ചെംബന്‍ ജലാല്‍ ആശംസകളര്‍പ്പിച്ചു.അബ്ദുള്‍ റസാഖ് നദ്‌വി സ്വാഗതവും സനാഫ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Sharing is caring!