സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ജി.എസ്.ടി

ജി.എസ്.ടിയെ വലിയ പ്രതീക്ഷയോടെ കണ്ട സാധാരണക്കാര്‍ക്ക് ഇരുട്ടടി. എല്ലാറ്റിന്റെയും നികുതി ഏകീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാം വില കുറച്ച് കിട്ടുമെന്ന പ്രതീക്ഷ ജനിപ്പിച്ചാണ് ചരക്കു സേവന നികുതി വന്നത്.

ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും പഠനത്തിനൊടുവില്‍ നടപ്പില്‍ വരുത്തിയ ജി.എസ്.ടി സാധാരണക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കിയിരിക്കുന്നു.
സാധാരണക്കാരന് ഹോട്ടലില്‍ കയറി ചായപോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ജി.എസ്.ടി ഉണ്ടാക്കിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഹോട്ടലുകളില്‍ 12 ശതമാനം മുതല്‍ 28 വരേ ജി.എസ്.ടി ഈടാക്കുകയാണ്. എന്നാല്‍ പല ഹോട്ടലുകളും ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലാതെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസുകളില്‍ ജി.എസ്.ടി ഈടാക്കാന്‍ അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ് വ്യാജ ജി.എസ്.ടി വച്ച് പലയിടങ്ങളിലും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്താണ് പലയിടങ്ങളിലും ഇത് നടക്കുന്നത്. ചില റെസ്‌റ്റോറന്റുകളില്‍ 18 ശതമാനം വരേ നികുതി ജി.എസ്.ടിയായി ഈടാക്കുകയാണ്. ഉപഭോക്താവിന് നല്‍കുന്ന ബില്ലില്‍ ജി.എസ്.ടി നമ്പര്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടുന്നില്ല. നമ്പര്‍ ഉണ്ടെങ്കില്‍ തന്നെ അത് വ്യാജമോ ഒറിജനലോ എന്ന് അപ്പോള്‍ സ്ഥിരീകരിക്കാനും ഉപഭോക്താനാവുന്നില്ല. വ്യാജ ബില്ലും വ്യാജ ജി.എസ്.ടി നമ്പറും പലരും ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ഹോട്ടലുകളിലും മറ്റും ചിലയിടങ്ങളില്‍ ഉപഭോക്താക്കള്‍ പരാതി പറഞ്ഞാല്‍ അധികമായി വാങ്ങുന്ന തുക തിരിച്ചുകൊടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. റെസ്‌റ്റോറന്റുകളില്‍ ചിലയിടങ്ങളില്‍ എ.സി, നോണ്‍ എ.സി വിഭാഗങ്ങള്‍ ഒരേ പോലെ ജി.എസ്.ടി ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ജി.എസ്.ടി വ്യാജമാണോ ഒറിജിനലാണോ എന്ന് മനസിലാക്കാന്‍ ഇന്റര്‍ നെറ്റില്‍ സംവിധാനം ഉണ്ട്. എന്നാല്‍ ബില്ലിങ് സമയത്ത് ഇതിനൊന്നും ഉപഭോക്താക്കള്‍ക്ക് സമയമോ സൗകര്യമോ ലഭിക്കാറില്ല.

ജി.എസ്.ടി ഇന്‍ എന്നത് 15 അക്ക ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കോഡാണ്. അത് ഓരോ നികുതിദായകന്റെ പേരിലും സംസ്ഥാന അടിസ്ഥാനത്തിലുമാണുള്ളത്. എസിയില്ലാത്തതും മദ്യം വിളമ്പാത്തതുമായ ഹോട്ടലുകള്‍ക്ക് 12 ശതമാനവും എസിയും മദ്യം വിളമ്പുന്നതുമായ ഹോട്ടലുകള്‍ക്ക് 18 ശതമാനവുമാണ് ജി.എസ്.ടി. ഫൈവ് സ്റ്റാര്‍, ആഢംബര ഹോട്ടലുകള്‍ക്ക് 28ശതമാനം ജി.എസ്.ടിയുണ്ട്.

നിലവില്‍ സാധാരണക്കാരന്‍ നഗരത്തിലെ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ നേരത്തെ അതിന്റെ പണം കൊടുത്താല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ നികുതിയിനത്തില്‍ വേറെയും പണം നല്‍കേണ്ടിവരികയാണ്. ജി.എസ്.ടി (ചരക്കു സേവന നികുതി)വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഏറെ മെച്ചമെന്ന് പ്രചരിപ്പിച്ചതിന് നേര്‍ വിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. മലയാളികള്‍ ഏറെയും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരാണ്. ജോലിയുടെ ഭാഗമായും അല്ലാതെയും നഗരങ്ങളിലെത്തുന്നവര്‍ക്ക് വലിയ അടിയാണ് ജി.എസ്.ടി വന്നതോടെ സംഭവിച്ചിരിക്കുന്നത്.

Sharing is caring!