മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ശരീര സൗന്ദര്യ പ്രദര്‍ശനമല്ല – വിടി ബല്‍റാം

മലപ്പുറം: സിനിമാ നടന്‍ മമ്മൂട്ടിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ശരീരസൗന്ദര്യ-ചര്‍മകാന്തി പ്രദര്‍ശനമല്ലെന്ന് വിടി ബല്‍റാം എംഎല്‍എ. മികച്ച ക്യാരക്റ്റര്‍ റോളുകളാണ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിടി ബല്‍റാം വ്യക്തമാക്കി. നടി രേഷ്മ അന്ന രാജനെ ഫേസ്ബുക്കില്‍ കടന്നാക്രമിച്ച ആരാധകരെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറാവണമെന്നും വിടി ബല്‍റാം പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ആരാധകര്‍ എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധികൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ നടിയോട് ക്ഷമാപണം നടത്തണമെന്നും അല്ലെങ്കില്‍ ആരാധകരെ തള്ളിപ്പറയണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു. സൂര്യ ടിവിക്ക് നല്‍കിയ ഒരു അഭിമുഖമാണ് നടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വഴിവച്ചത്. മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങളില്‍ അവസരം ലഭിച്ചാല്‍ ആരുടെ സിനിമയില്‍ അഭിനയിക്കും എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുമെന്നും, മമ്മൂട്ടി എന്റെ അച്ഛനായി അഭിനയിക്കട്ടെ എന്നും അന്ന രേശ്മ തമാശയായി പറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി നടി ഫേസ്ബുക്ക് ലൈവില്‍ വന്നെങ്കിലും വെറുതെ വിടാന്‍ ആരാധകര്‍ തയ്യാറായില്ല. ഫേസ്ബുക്ക് ലൈവിലും താരത്തിനെതിരെ രൂക്ഷമായാണ് ആരാധകര്‍ കമന്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Sharing is caring!