മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്‍

മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എ സി മൊയ്തീന്‍

വേങ്ങര: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ലീഗ് എംപിമാര്‍ വിട്ടുനിന്നത് പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മയിലാണൊയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പറപ്പൂര്‍, ഒതുക്കുങ്ങല്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിമാനം വൈകിയെന്ന കാരണം നിരത്തി വോട്ട് ചെയ്യാതിരുന്നതെന്ന് ആരെ ബോധിപ്പിക്കാനാണെന്ന് മന്ത്രി ചോദിച്ചു. മതനിരപേക്ഷ കക്ഷിയുടെ സ്ഥാനാര്‍ഥിക്ക് വോ്ട്ട് ചെയ്യുക എന്ന പ്രാഥമിക ചുമതല പോലും നിര്‍വഹിക്കാത്തവരെ എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കച്ചവടലാഭത്തിനായി ആര്‍എസ്എസ് അടക്കം ആരുടെ തോളിലും കൈയ്യിടാമെന്ന് തെളിയിച്ച രാഷ്ട്രീയപ്രസ്ഥാനത്തില്‍ നിന്ന് മറ്റൊന്നും
പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നാള്‍ക്കുനാള്‍ ജനപിന്തുണയേറുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന
എല്ലാ ഉപതെരഞ്ഞെടുപ്പ് ഫലവും അതാണ് തെളിയിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി അതീവ ദുര്‍ബലമാണ്. ഇതൊക്കെ വ്യക്തമായി അറിയുന്നത് കൊണ്ടാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചത്. ഇപ്പോള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റാവാതെ ഒഴിഞ്ഞുമാറുന്നതും വെറുതേയല്ല. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം സുധീരന്‍ ഉപേക്ഷിച്ചതിനും വേറെ കാരണം തേടേണ്ടതില്ല.

യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!