10കോടിയുടെ ലോട്ടറി അടിച്ച പരപ്പനങ്ങാടി സ്വദേശി മുസ്തഫയുടെ ആഗ്രഹങ്ങള്‍

10കോടിയുടെ ലോട്ടറി അടിച്ച പരപ്പനങ്ങാടി  സ്വദേശി മുസ്തഫയുടെ ആഗ്രഹങ്ങള്‍

കേരളാസര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാന തുകയായ പത്തുകോടി യുടെ ഒന്നാം സമ്മാനം ലഭിച്ച പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്ക് പണംകൊണ്ട് ഒരുപാട് ആവശ്യങ്ങളുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായിരുന്ന മുസ്തഫ നിലവില്‍ ഡ്രൈവറും തേങ്ങ കച്ചവടവുമാണ് ചെയ്തു വരുന്നത്. സാമ്പത്തികമായി ഏറെ പരാധീനതകളുളള മുസ്തഫ ഭാഗ്യം കനിഞ്ഞെത്തിയതോടെ വലിയ സന്തോഷത്തിലാണ്. തന്റെ പഴയ വീടൊന്ന് പൊളിച്ച് പുതിയത് നിര്‍മ്മിക്കണം, പിന്നെ കടങ്ങളുളളത് വീട്ടണമെന്നും മുസ്തഫ പറഞ്ഞു

പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശിയാണ് മുസ്തഫ. പരപ്പനങ്ങാടിയില്‍ പിക്കപ്പ് വാന്‍ ഡ്രൈവറാണ് മുസ്തഫ. വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബമ്പര്‍ എ.ജെ.442876 നമ്പര്‍ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആര്‍ക്ക് അടിച്ചെന്ന തെരച്ചിലിലായിരുന്നു എല്ലാവരും, അതിനിടെ പല അഭ്യൂഹങ്ങളും പലരുടെ പേരിലും ഇറങ്ങിയിരുന്നു. പരപ്പനങ്ങാടിയിലെ ഏജന്റായ പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പൂച്ചേങ്ങല്‍ കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വില്‍പന നടത്തിയത്. പരപ്പനങ്ങാടിയിലെ ഐശ്വര്യ ഏജന്‍സിയില്‍ നിന്നാണ് ഖാലിദ് വില്‍പനക്കായുള്ള ടിക്കറ്റ് വാങ്ങിയത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു. ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിഞ്ഞ് ആറ് കോടി മുപ്പത് ലക്ഷം രൂപ മുസ്തഫയ്ക്ക് ലഭിക്കും. ലോട്ടറി വിറ്റ ഏജന്റ് ഖാലിദിന് കമ്മീഷനായി 90 ലക്ഷം രൂപയും ലഭിക്കും. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. സൈനബയാണ് മുസ്തഫയുടെ ഭാര്യ. മുബസിന, മുഫീദ, മുനീര്‍, മുജീബ്റഹ്മാന്‍ എന്നിവര്‍ മക്കളാണ്. രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിച്ചയച്ചു. ആണ്‍മക്കള്‍ വിദ്യാര്‍ത്ഥികളാണ്..

Sharing is caring!