മമ്പുറം മഖാം സന്ദര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മമ്പുറം മഖാം സന്ദര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മനുഷ്യ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാഹാത്മ്യം വിളഞ്ഞ മമ്പുറം മണ്ണിന്റെ ആശീര്‍വാദം കരുത്താക്കി അഡ്വ. പി പി ബഷീറിന്റെ പ്രയാണം. അനീതിക്കെതിരെ പ്രവാചക നീതിബോധം പടവാളാക്കിയ മമ്പുറം തങ്ങളുടെ സ്മരണകള്‍ തുടിക്കുന്ന മഖാം ബഷീറിനെന്നും പ്രിയപ്പെട്ടതാണ്.

തന്റെ ജന്മനാട്ടില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സാഹോദര്യത്തിന്റെ ഈ മഹാസങ്കേതത്തെ എന്നും ആദരവോടെയാണ് അദ്ദേഹം കണ്ടത്. രാജ്യമാകെ വിദ്വേഷവും വെറുപ്പും പടര്‍ത്തുന്നവര്‍ക്കെതിരായ ഘട്ടത്തില്‍ ബഷീര്‍ ഈ മുറ്റത്തേക്ക് വീണ്ടുമെത്തിയത്.

ഈ ആണ്ടിലെ മമ്പുറം നേര്‍ച്ചയുടെ ആദ്യദിവസമായ വെള്ളിയാഴ്ച മഖാം സന്ദര്‍ശിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ആശീര്‍വദിക്കാന്‍ ഒരുപാടുപേരെത്തി. കൊടിയേറ്റിനു മുമ്പ് പകല്‍ ഒന്നരയോടെയാണ് നാട്ടുകാരന്‍കൂടിയായ ബഷീര്‍ എത്തിയത്. ആലുവ സ്വദേശിയായ യുവാവ് അടുത്തേക്കു വന്നു. ‘എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് അറിഞ്ഞിരുന്നു,

പരിചയപ്പെട്ടതില്‍ സന്തോഷം’ എന്ന് പറഞ്ഞ് അദ്ദേഹം ബഷീനെ ആശ്ലേഷിച്ചു. ഇവിടെ എനിക്ക് അറിയാവുന്നവരോടൊക്കെ താങ്കള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുമെന്ന് യുവാവിന്റെ ഉറപ്പ്. മഖാമിന് മുന്നില്‍ എത്തിയപ്പോള്‍ പ്രദേശവാസിയായ സെയ്തലവി കെട്ടിപ്പുണര്‍ന്നു. പ്രാര്‍ഥനക്കും നേര്‍ച്ചയുംകഴിഞ്ഞ് മടങ്ങുന്നവരോട് സഹായിക്കണമെന്ന് സ്ഥനാര്‍ഥിയുടെ അഭ്യര്‍ഥന. പുറത്ത് പാലത്തിനു സമീപം കൂടിനിന്ന ചെറുപ്പക്കാര്‍ പരിചയപ്പെടാനും സെല്‍ഫിയെടുക്കാനും ഓടിക്കൂടി. ബഷീറിന് ജന്മനാടിന്റെ പിന്തുണ എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്നതായി അവിടെകണ്ട ഓരോ മുഖങ്ങളിലും വിടര്‍ന്ന സ്‌നേഹഭാവങ്ങള്‍.

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രമായ മമ്പുറം മഖാമിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് അന്നാട്ടുകാരനായ ബഷീര്‍ വളര്‍ന്നത്. ദേശാതിര്‍ത്തികള്‍ക്കപ്പുറം ഖ്യാതികേട്ട ഇവിടുത്ത മര്യാദകളും സാഹോദര്യവും എന്നും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ പന്ഥാവിലും വഴിവിളക്കായി. യൂറോപ്യന്‍ അധിനിവേശത്തിനും ചൂഷണത്തിനുമെതിരെ നിലകൊണ്ട ആ പാരമ്പര്യത്തെ മാനിച്ചുവളര്‍ന്ന ബാല്യം പിന്നീട് രാജ്യത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് ബഷീറിനെ അടുത്തറിഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ ഒതുക്കുങ്ങല്‍, മറ്റത്തൂര്‍, മമ്പുറം പ്രദേശങ്ങളിലെത്തി പരിചയക്കാരെ നേരില്‍ കണ്ടു. വൈകിട്ട് പറപ്പൂരിലെത്തി മുതിര്‍ന്ന നേതാവ് സി മൊയ്തീന്‍ കുട്ടിയെ സന്ദര്‍ശിച്ചു.

Sharing is caring!