പെരിന്തല്‍മണ്ണയില്‍ കള്ളപ്പണത്തോടൊപ്പം തോക്കും മാരാകായുധങ്ങളും

പെരിന്തല്‍മണ്ണയില്‍ കള്ളപ്പണത്തോടൊപ്പം  തോക്കും മാരാകായുധങ്ങളും

പെരിന്തല്‍മണ്ണയില്‍ കള്ളപ്പണത്തോടൊപ്പം
തോക്കും മാരാകായുധങ്ങളും പിടികൂടി. 2.46 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകനുള്‍പ്പെടെ ആറംഗസംഘമാണു പിടിയിലായത്.
പണം കൈമാറാന്‍ കാറില്‍ തോക്കു ഉള്‍പ്പെടെ മാരാകായുധങ്ങളുമായി എത്തിയ സംഘമാണ് പിടിയിലായത്.
തിരുവനന്തപുരം ബാലരാമപുരം അലീഫ് മന്‍സിലില്‍ മുഹമ്മദ് അന്‍സ് (39), തിരുവനന്തപുരം വള്ളക്കടവ് ശ്രീവിലാസില്‍ അഡ്വ. കണ്ണന്‍ കൃഷ്ണകുമാര്‍ (33), ബീമാപള്ളി സ്വദേശി മുഹമ്മദ് ഷാന്‍ (36), പൂങ്കോട് സ്വദേശി മരുതനാംവിളകാം അച്ചു (26), ബീമാപ്പള്ളി അന്‍സാറുദീന്‍ (26), മലപ്പുറം ജില്ലയിലെ അരീക്കോട് വിളയില്‍ തെക്കേയില്‍ അബ്ദുള്‍ നാസര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ വച്ച് പോലീസ് പിടികൂടിയത്. അസാധുവായ ആയിരം രൂപ അടങ്ങുന്നതാണ് തുക.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു സിഐ ടി.എസ് ബിനു, എസ്‌ഐ കമറുദീന്‍ എന്നിവരും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലീസും നടത്തിയ വാഹന പരിശോധനയിലാണ് രണ്ടു കാറുകളിലെത്തിയ ആറംഗ സംഘത്തെ തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് വലയില്‍ വീഴ്ത്തിയത്. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കോടി നാല്‍പ്പത്തിയാറു ലക്ഷം രൂപയുടെ ആയിരം രൂപയുടെ നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും മലപ്പുറത്തെ അരീക്കോട് സ്വദേശിയുമുള്‍പ്പെടെയുള്ള ഇടപാടു സംഘം എയര്‍പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങളുമായാണ് ഇടപാടിനെത്തിയത്. അരീക്കോട്ടെ ചില ഏജന്റുമാര്‍ മുഖേന തിരുവനന്തപുരം ഭാഗത്തുള്ള ഇടപാടു സംഘങ്ങളുമായി ബന്ധപ്പെട്ടു കമ്മീഷന്‍ വ്യവസ്ഥയില്‍ ഇത്തരം അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘങ്ങളെക്കുറിച്ചു പോലീസിനു ഇവരില്‍ നിന്നു വിവരം ലഭിച്ചു. സംഘം സഞ്ചരിച്ച കാറില്‍ നിന്നു കണ്ടെടുത്ത എയര്‍പിസ്റ്റളിനെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായും ഡിവൈഎസ്പി എംപി. മോഹനചന്ദ്രന്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ അസാധു നോട്ടുകള്‍ പിടികൂടന്നതു വര്‍ധിച്ചിട്ടുണ്ട്.

Sharing is caring!