ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിഞ്ഞുകൂടാ; രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് മുസ്ലിം ലീഗ്

ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിഞ്ഞുകൂടാ; രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് മുസ്ലിം ലീഗ്

മലപ്പുറം: മാധ്യമ പ്രവര്‍ത്തകരുടെ പ്രവചനങ്ങളേയും, രാഷ്ട്രീയ നിരീക്ഷകരുടെ കണക്കൂട്ടലുകളേയും പാടെ തെറ്റിച്ചാണ് മുസ്ലിം ലീഗ് വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ചോര്‍ന്ന് കിട്ടിയ വാര്‍ത്തകള്‍ക്കും, പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും വഴി തെറ്റിയപ്പോള്‍ മുസ്ലിം ലീഗില്‍ പിറന്നത് പുതിയൊരു ചരിത്രം.

രണ്ടു ദിവസം മുമ്പാണ് കെ പി എ മജീദിനും, കെ എന്‍ എ ഖാദറിനുമൊപ്പം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു എ ലത്തീഫിന്റെ പേരുകൂടി സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. കെ പി എ മജീദ് മല്‍സര രംഗത്തു നിന്ന് പിന്‍മാറുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ഞായറാഴ്ച വൈകുന്നേരത്തോടെ ഒരു വിഭാഗം അണികളും, മാധ്യമങ്ങളും യു എ ലത്തീഫ് സ്ഥാനാര്‍ഥിയാകും എന്ന കണക്കു കൂട്ടലുകളിലേക്കെത്തി.

തിങ്കളാഴ്ച രാവിലെ ആയതോടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. രാവിലെ തന്നെ ചില മാധ്യമങ്ങള്‍ക്ക് യു എ ലത്തീഫ് നല്‍കിയ അഭിമുഖം കൂടിയായതോടെ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകുന്നുവെന്ന സ്ഥിതി വിശേഷമായി. ഇതിനിടെ പാണക്കാട് ഉന്നതാധികാരി യോഗം ആരംഭിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ചാനലുകളില്‍ ലൈവും പോയി തുടങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനം അടുക്കുന്നതോടെ ചില മാധ്യമങ്ങള്‍ യു എ ലത്തീഫ് തന്നെ സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് വാര്‍ത്തകള്‍ നല്‍കി തുടങ്ങി. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് യു എ ലത്തീഫ് സ്ഥാനാര്‍ഥിയായി എന്ന രീതിയില്‍ വാര്‍ത്ത നല്‍കി.

ഇതിനിടെ പത്രസമ്മേളന വേദിയിലേക്ക് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബും, എം പി അബ്ദുസമദ് സമദാനിയുമെത്തി. തൊട്ടുപുറകെ കെ പി എ മജീദും, പിന്നെ പി കെ കുഞ്ഞാലിക്കുട്ടിയും, സാദിഖലി ശിഹാബ് തങ്ങളും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. പത്രസമ്മേളനം നടക്കുന്ന ഹാളിലേക്ക് യു എ ലത്തീഫ് കൂടി കയറി വന്നതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍ അതിനിടെ അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹവും വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദര്‍ ആണ് വേങ്ങരയിലെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും നിമിഷം പത്രസമ്മേളന ഹാള്‍ നിശബ്ദതയിലായി. നിശബ്ദതയ്ക്ക് വിരാമമിട്ട് പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം, ഇനിയെന്തെങ്കിലും അറിയേണ്ടതുണ്ടോ? ഏതാനും കുറച്ച് ചോദ്യങ്ങള്‍. ഒടുവില്‍ പതിവിലും വേഗം പത്രസമ്മേളനത്തിന് സമാപനം. അപ്പോഴും പല മാധ്യമങ്ങളിലും യു എ ലത്തീഫ് സ്ഥാനാര്‍ഥി എന്ന് പോയ്‌ക്കൊണ്ടിരുന്നു.

Sharing is caring!