വിവാദ ഫേസ്ബുക്ക് പോസ്റ്റ്; എംഎസ്എഫ് നേതാവിന് സസ്‌പെന്‍ഷന്‍

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; എംഎസ്എഫ് നേതാവിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍ എ കരീമിനെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. സംഘടനാ രീതിക്ക് നിരക്കാത്ത രീതിയില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിന് എന്‍ എ കരീമിനെ ഔദ്യോഗിക സ്ഥാനത്ത് നിന്നും  നീക്കുന്നതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പത്രകുറിപ്പില്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി പട്ടികയില്‍ പേര് കേള്‍ക്കുന്ന കെപിഎ മജീദിനെയും കെഎന്‍എ ഖാദറിനെയും പരോക്ഷമായി വിമര്‍ശിച്ചാണ് എന്‍ എ കരീം പോസ്റ്റിട്ടത്. വോട്ടര്‍മാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തില്‍ മത്സരിച്ചിട്ടും വിജയിക്കാനാകാത്തവരെ വീണ്ടും മത്സരിപ്പിക്കരുത്, ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കല്‍ പോലും മത്സരിക്കാന്‍ കഴിയാത്ത വിധം ‘ജനകീയത’ കൈുമതലാക്കിയവര്‍ വേങ്ങരയില്‍ പോരാട്ടത്തിനിറങ്ങരുത്, യുവജനങ്ങളെ പരിഗണിക്കണം തുടങ്ങിയവയാണ് പോസ്റ്റിലുണ്ടായിരുന്നത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

വിവാദത്തിനിടയാക്കിയ പോസ്റ്റ്‌

കഴിഞ്ഞ വര്‍ഷം രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുനവ്വറലി തങ്ങളും സമാനമായ രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു. പിവി അബ്ദുല്‍ വഹാബിന്റെയും കെപിഎ മജീദിന്റെയും പേര് കേള്‍ക്കുന്നതിനിടെ പിവി അബ്ദുല്‍ വഹാബിനെ വിമര്‍ശിച്ചായിരുന്നു മുനവ്വറലി തങ്ങളുടെ അന്നത്തെ പോസ്റ്റ്.

ദേശീയ നേതാവിനെതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെ പാര്‍ട്ടക്കകത്ത് നിന്ന് തന്നെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ദേശീയ നേതൃത്വം അറിയുക പോലും ചെയ്യാതെയാണ് എന്‍ എ കരീമിനെതിരെ നടപടി എടുത്തതെന്നാണ് സൂചന. അതേ സമയം താന്‍ ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും പാര്‍ട്ടി വേദികളില്‍ പറയുന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും എന്‍ എ കരീംവ്യക്തമാക്കി.

 

Sharing is caring!