തോല്‍ക്കാനായി ജനിച്ചവന്‍; തെരഞ്ഞെടുപ്പ് രാജാവ് വേങ്ങരയിലും

തോല്‍ക്കാനായി ജനിച്ചവന്‍; തെരഞ്ഞെടുപ്പ് രാജാവ് വേങ്ങരയിലും

മലപ്പുറം: തോറ്റ് തോറ്റ് വിജയം നേടിയ വ്യക്തിയാണ് ഡോ.കെ പത്മരാജന്‍. തോല്‍ക്കാനായി ജനിച്ചവന്‍ എന്നാണ് സ്വയം നല്‍കുന്ന വിശേഷണം. ഒരിക്കലും വിജയിക്കരുതെന്ന പ്രതിജ്ഞയുമായി ഇദ്ദേഹം ഇതു വരെ 183 തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക നല്‍കി. തോറ്റ്, തോറ്റ് ലിംക ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവസാനമായി പത്രിക നല്‍കിയത്. പികെ കുഞ്ഞാലിക്കുട്ടി വിജയിച്ച മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും പത്മരാജന്‍ മത്സര രംഗത്തുണ്ടായിരുന്നു. 2014 ല്‍ പ്രധാനമന്ത്രി മോദിക്കെതിരെ വഡോദരയിലും സ്ഥാനാര്‍ഥിയായിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഡോ. കെ പത്മരാജന്‍ വരണാധികാരി സജീവ് ദാമോദരന് പത്രിക നല്‍കുന്നു

1988 മുതല്‍ ഈ 58കാരന്‍ മത്സര രംഗത്തുണ്ട്. സേലത്തെ മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം സിറ്റിങ് എംഎല്‍എ എം ശ്രീരംഗത്തിനെതിരായിരുന്നു അദ്യ മത്സരം. തുടര്‍ന്നിങ്ങോട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്കടക്കം എല്ലാ പ്രധാന തെരഞ്ഞെടുപ്പുകളിലും പത്മരാജന്റെ സാനിധ്യമുണ്ട്. ഇതുവരെ 25 ലക്ഷത്തോളം രൂപ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചതായി പത്മരാജന്‍ പറയുന്നു. ജയിക്കണമെന്ന് ആഗ്രഹമില്ലെന്നും തോല്‍വിയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

മലപ്പുറത്തിത് പത്മരാജന്റെ മൂന്നാം അങ്കമാണ്. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ എകെ ആന്റണിക്കെതിരായിരുന്നു അദ്യ മത്സരം. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിനായാണ് വീണ്ടും ജില്ലയിലെത്തിയത്. രണ്ട് തവണയും പത്രിക തള്ളി. കേരളത്തിലെ വോട്ടറല്ലാത്തതായിരുന്നു അദ്യ പത്രിക തള്ളാന്‍ കാരണമെങ്കില്‍ പത്രിക പൂരിപ്പിച്ചതിലെ അപാകതയായിരുന്നു മലപ്പുറം മണ്ഡലത്തിലേക്ക് നല്‍കിയത് തള്ളാന്‍ കാരണം.

പ്രണബ് മുഖര്‍ജി, എപിജെ അബ്ദുല്‍ കലാം, മന്‍മോഹന്‍ സിങ്, എബി വാജ്‌പേയ്, നരസിംഹ റാവു, ജയലളിത തുടങ്ങിയവര്‍ക്കെതിരെയെല്ലാം പത്മരാജന്‍ മത്സരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു സമയം രണ്ടു മണ്ഡലങ്ങളില്‍മാത്രം ജനവിധിതേടാന്‍ പാകത്തില്‍ നിയമം മാറ്റിയെഴുതാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത് പത്മരാജനാണ്. 1996ല്‍ ലോക്‌സഭ നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചത്തെിയപ്പോള്‍ എട്ടു മണ്ഡലങ്ങളിലാണ് പത്രിക നല്‍കിയത്. ലോക്‌സഭ 5, നിയമസഭ 3. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലമെന്ന തീരുമാനമെടുത്തത്. മത്സരത്തനിറങ്ങിയതിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടി വന്ന അനുഭവവും പത്മരാജനുണ്ടായിട്ടുണ്ട്. 1991ല്‍ ആന്ധ്രയിലെ നന്ദ്യാല്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. നരസിംഹ റാവുവിനെതിരെ പത്രിക സമര്‍പ്പിച്ചതിന് തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ഇരുട്ടുമുറിയില്‍ തടവിലാക്കി.

കണ്ണൂരില്‍നിന്ന് 100വര്‍ഷം മുമ്പ് സേലത്തത്തെിയതാണ് പത്മരാജന്റെ മുത്തച്ഛനായ പി. കേളു നമ്പ്യാര്‍. ഹോമിയോപതിയില്‍ ബിരുദമുണ്ടെങ്കിലും ടയര്‍ ബിസിനസിണ് ഉപജീവന മാര്‍ഗം. പത്മരാജന്റെ ഏക മകന്‍ ശ്രീജേഷ് പത്മരാജനും തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 1994 ല്‍ മൂന്നര വയസ്സില്‍ നാമനിര്‍ദേശ പത്രിക നല്‍കിയാണ് ശ്രീജേഷ് റെക്കോര്‍ഡിട്ടത്. പെരുന്തുറൈ ഉപതെരഞ്ഞെടുപ്പിലാണ് ശ്രീജേഷ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് ഗോദയില്‍ പിന്തുണയായി ഭാര്യ ശ്രീജ നമ്പ്യാരും മകനും കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു.

Sharing is caring!