പാണക്കാട് സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണരുതെന്ന് നിയാസ് പുളിക്കലകത്ത്

പാണക്കാട് സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണരുതെന്ന് നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത് രാഷ്ട്രീയമായി കാണരുതെന്ന് സിഡ്‌കോ ചെയര്‍മാനും തിരൂരങ്ങാടിയില്‍ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന നിയാസ് പുളിക്കലകത്ത്. വേങ്ങരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പട്ടികയില്‍ പേരുള്ള നിയാസ് പുളിക്കലകത്ത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം പാണക്കാടെത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്

ജീവിതത്തില്‍ ഒരിക്കലും മുസ്‌ലിം ലീഗുകാരനായിട്ടില്ലാത്ത ഞാന്‍ ഇരുപത് വര്‍ഷത്തോളമായി പാണക്കാട് കുടുംബവുമായി സൗഹൃദ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. 2010ല്‍ പരപ്പനങ്ങാടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് നേതാവിനെതിരെ പ്രവര്‍ത്തിച്ചപ്പോഴും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും ഇപ്പോള്‍ സിഡ്‌കോ ചെയര്‍മാനായി തുടരുമ്പോഴും വലിയ കോട്ടമൊന്നും തട്ടാതെ പാണക്കാടുമായുള്ള ബന്ധം സദൃഢമായി തുടര്‍ന്നു പോരുന്നുമുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ ബിസിനസ് സംരംഭത്തെ കുറിച്ച് പറയാനാണ് പാണക്കാടെത്തിയത്. പികെ കുഞ്ഞാലിക്കുട്ടി അവിടെ ആ സമയത്ത് ഉണ്ടായിരുന്നു എന്നത് സാഹചര്യവശാല്‍ സംഭവിച്ചതാണ്. അതിനെ രാഷ്ട്രീയമായി കാണരുതെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേതാക്കാന്‍മാര്‍ക്കും സന്ദര്‍ശനത്തില്‍ മറിച്ചൊന്നും തോന്നുകയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

വേങ്ങരയില്‍ ഇടതു സ്ഥാനാര്‍ഥി പട്ടികയില്‍ പേര് കേള്‍ക്കുന്നതിനിടെയായിരുന്നു നിയാസ് പുളിക്കലകത്തിന്റെ അപ്രതീക്ഷിത പാണക്കാട് സന്ദര്‍ശനം. ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തുന്നിനിടെ നടത്തിയ സന്ദര്‍ശനം ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Sharing is caring!