ഉപതിരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

ഉപതിരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജില്ലയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുന്നില്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വോട്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമം രാഷട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതിനായി തെരഞ്ഞെടുപ്പ് വിഭാഗവും പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ മുഴുവനായും പെരുമാറ്റ ചട്ടം ബാധകമായതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങല്‍, എഗ്രിമെന്റ് ഒപ്പു വെക്കല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമുണ്ടാവണം.

പോളിങില്‍ വി.വി.പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. ഇ-അനുമതി, ഇ-പരാതി തുടങ്ങിയവ നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവിലുള്ള വോട്ടര്‍ പട്ടിക 2017 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കി മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ചതാണ്. ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സപ്തംബര്‍ 11 വരെ അപേക്ഷിച്ചവരെ കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഹിയറിംഗ് നടത്തി ഇവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക സപ്തംബര്‍ 22 ന് പ്രസിദ്ധീകരിക്കും.

മണ്ഡലത്തല്‍ 148 പോളിംഗ് സ്റ്റേഷനുകളും 17 അനുബന്ധ ബൂത്തുകളുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ അന്തിമ പട്ടിക വരുന്നതോടെ അനുബന്ധബുത്തുകളുടെ എണ്ണത്തില്‍ മാറ്റം വരും.

യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ.എന്‍. മോഹന്‍ദാസ്, ടി.വേണുഗോപാലന്‍ (സി.പി.എം.) എം.എ. ഖാദര്‍, എന്‍. മുഹമ്മദുക്കുട്ടി (ഐ.യു.എം.എല്‍) പി.സി. വേലായുധന്‍ക്കുട്ടി (ഐ.എന്‍.സി) നൗഷാദ് സി.എച്ച് (സി.പി.ഐ) വേണുഗോപാലന്‍ (ബി.ജെ.പി.) ഹംസ പാലൂര്‍ (എന്‍.സി.പി.) പി.മുഹമ്മദാലി (ജെ.ഡി.എസ്) ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ രഘുരാജ് എന്‍.വി, എല്‍.ആര്‍.ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍, ഭൂപരിഷ്‌കരണം വിഭാഗം ഡെപ്യൂട്ടി കലക്ടറും റിട്ടേണിംഗ് ഓഫിസറുമായ സജീവ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!