വേങ്ങരയിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ.കെ.സി നസീര്‍

മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി അഡ്വക്കറ്റ് കെ. സി നസീര്‍ മല്‍സരിക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമായ നസീര്‍ തിരുര്‍ ബാറിലെ അഭിഭാഷകനും സാമൂഹ്യ രംഗത്ത് നിറസാന്നിധ്യവുമാണ്. 2011 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തിലും 2016 തെരഞ്ഞെടുപ്പില്‍ തിരുരങ്ങാടി മണ്ഡലത്തിലും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. ഡോ. ഹാദിയയുമായി ബന്ധപ്പെട്ട കേസടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ വളര്‍ന്ന് വരുന്ന ചെറുത്ത് നില്‍പ്പ് ചിന്തയുടെയും പ്രതിരോധ രാഷ്ട്രീയ ശാക്തീകരണത്തിന്റെയും പ്രതിഫലനം വേങ്ങരയിലുണ്ടാകും. രാഷ്ടീയ ഗിമ്മിക്കുകള്‍ കൊണ്ട് ന്യൂനപക്ഷങ്ങളെ കബളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്കാന് വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസ് അഭ്യര്‍ത്ഥിച്ചു.
വേങ്ങരയില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടു എസ്.ഡി.പി.ഐ നല്കുന്ന വിശദീകരണം താഴെ:
മുസ്ലിംകളുടെയും ദലിതുകളുടെയും ജീവനും ജീവിതവും കൂടുതല്‍ അപകടത്തിലാവുകയും സി.പി.എം സര്‍ക്കാര്‍ പോലും ഫാസിസ്റ്റ് ഭരണകൂട ഭീഷണിയെ ഭയപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യം വേങ്ങര നിയമ സഭ ഉപതെരഞ്ഞെടുപ്പിന്റെ മാനം വര്‍ദ്ധിപ്പിക്കുന്നു. ആര്.എസ്.എസിനെതിരെ ചെറുത്ത് നില്‍പ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടേണ്ട സന്ദര്‍ഭത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്റെയും കീഴടങ്ങലിന്റെയും ലക്ഷണങ്ങളാണ് പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്. വോട്ടിന് വേണ്ടി കോണ്‍ഗ്രസ് അവലംബിച്ച മൃദു ഹിന്ദുത്വ നയം തന്നെ സി.പി.എമ്മും പിന്തുടരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് ബി.ജെ.പിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം അണികളുടെ രോഷം പ്രകടമാകുന്നത്. കൊടിഞ്ഞി ഫൈസലിനെയും കാസര്‍ഗോഡ് റിയാസ് മൗലവിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു പ്രതിഷേധവും എല്‍.ഡി.എഫ് പ്രകടിപ്പിച്ചില്ല. ഹരിയാനയിലെ ജുനൈദിന്റെ കുടുബത്തിന് പത്ത് ലക്ഷം നല്കിയ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി മതം മാറിയെന്ന കാരണത്താല്‍ മാത്രം കൊല ചെയ്യപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് യാതൊന്നും നല്‍കിയിട്ടില്ല.
റിയാസ് മൗലവി വധിക്കപ്പെട്ട കേസ് ഇരുപത് വയസ്സില്‍ താഴെയുള്ള രണ്ട് പേരടക്കം 3 ആര് എസ് എസുകാരെ മാത്രം പ്രതികളാക്കി അവസാനിപ്പിച്ചു . സംസ്ഥാനത്ത് കലാപമുണ്ടാക്കാനുദ്ദേശിച്ചാണ് പള്ളിക്കകത്ത് കയറി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ സംഭവത്തിലാണ് ഗൂഢാലോചന പ്രതികളില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചത്.
പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര് എസ് എസ് നടത്തിയ ആള്‍കൂട്ടാക്രമണം ഉത്തരേന്ത്യന്‍ മോഡലിന്റെ പരീക്ഷണമായിരുന്നു. അതിനെ ശക്തമായി അപലപിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നതിന് പകരം പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. എതിരാളികള്‍ക്ക് വടി കൊടുക്കരുതെന്ന് മുസ്ലിംകളെ ഉപദേശിച്ച മുഖ്യമന്ത്രി ആശയ പ്രചരണ സ്വാതന്ത്ര്യത്തിന് തടയിടുകയും ആര് എസ് എസ് പ്രകോപനത്തെ ന്യായീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
കലാപങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും പാര്‍ട്ടി വളര്‍ത്താനുള്ള എളുപ്പവഴിയായി കാണുന്ന ബിജെപി യോട് പിണറായി വിജയന്റെയും സി പി എമ്മിന്റെയും വിരോധം പ്രസംഗത്തിലും ഫെയ്സ് ബുക്കിലും ഒതുങ്ങി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ആര് എസ് എസുകാരന് കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് ബി ജെ പി പ്രയോഗിച്ച രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങിയ പിണറായി വിജയനും ബി ജെ പി ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പകര്‍ന്ന് ഉപവാസം നടത്തിയ രമേശ് ചെന്നിത്തലയും ആര് എസ് എസ് അജണ്ടയെ സഹായിക്കുകയാണ് ചെയ്തത്.
ഇസ്ലാമിലേക്ക് മതം മാറുന്നതിനെതിരെ മാത്രം ആര് എസ് എസ് അസഹിഷ്ണുത പ്രകടിപ്പിക്കുകയും കോടതിയില്‍ പോലും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സി പി എമ്മിന്റെ മതനിരപേക്ഷ ചിന്ത ഉണരുന്നില്ല. ഡോ. ഹാദിയ നേരിടുന്ന മനുഷ്യാവകാശ നിഷേധത്തെ ക്കുറിച്ചും വിവാഹം റദ്ദാക്കി ഹൈക്കോടതി അവരെ വീട്ടുതടങ്കലിലാക്കിയതിനെ കുറിച്ചും എല്‍ ഡി എഫും യു ഡി എഫും തുടരുന്ന മൗനത്തിന് വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും.
ഗെയ്ല് വാതക പൈപ്പ് ലൈന്‍, മലപ്പുറം ജില്ലാ വിഭജനം തുടങ്ങിയവയില്‍ ഇരു മുന്നണികളും ബി ജെ പിയും ജന വിരുദ്ധ നിലപാടാണ് വെച്ച് പുലര്‍ത്തുന്നത്. വികസനത്തിനും വളര്‍ച്ചക്കും വേണ്ടി ജില്ല വിഭജിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ച രാഷ്ട്രീയ പാര്‍ട്ടി എസ് ഡി പി ഐ ആണ്. ഈ ആവശ്യമുന്നയിച്ച് നിരന്തരമായ സമരപരിപാടികള്‍ പാര്‍ട്ടി നടത്തുകയുണ്ടായി. രാഷ്ട്രീയ സങ്കുചിതത്വവും ബി ജെ പി പ്രീണനവും കാരണം ഈ ആവശ്യത്തോട് പുറംതിരിഞ്ഞ് നില്ക്കുന്ന യുഡിഎഫിനും എല്‍ ഡി എഫിനും വേങ്ങരയില്‍ തിരിച്ചടിയുണ്ടാവും
സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹിംസാത്മക രാഷ്ട്രീയത്തെ നേരിടുന്നതില്‍ മതേതര കക്ഷികളെന്നവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തികഞ്ഞ പരാജയമാണെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ബി.ജെ.പി ക്കെതിരെ ബീഹാറില്‍ രൂപപ്പെട്ട മതേതര സംഘത്തിന് നേതൃത്വം കൊടുത്തിരുന്നവര്‍ ഇപ്പോള്‍ ബി.ജെ.പി പക്ഷത്താണ് നിലയിറുപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കൊപ്പം നില്‍ക്കുകയോ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തവരാണ് ബി.ജെ.പി ക്കെതിരായ നിലപാടുമായി തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം രംഗത്തു വരുന്നത്. മുന്‍കാലങ്ങളിലും നിലവിലും ഈ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബി.ജെ.പിയുമായി പരസ്യവും രഹസ്യവുമായ ധാരണകള്‍ ഉണ്ടാക്കിയതിന്റെ വാര്‍ത്തകള്‍ നിരവധി തവണ പുറത്തു വന്നതാണ്.
താല്‍ക്കാലിക തെരഞ്ഞെടുപ്പ് നേട്ടത്തിനപ്പുറം രാജ്യത്തിന്റെ ഭാവിയെകുറിച്ചുള്ള ആശങ്കകള്‍ ഒട്ടും ഇത്തരം പാര്‍ട്ടികളെ അലോസരപ്പെടുത്തുന്നില്ല. ബി.ജെ.പി മുന്നോട്ടു വെക്കുന്ന സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയം പൗരന്റെ സ്വാതന്ത്ര്യത്തിനും ജീവനും ഇഷ്ടങ്ങള്‍ക്കും വരെ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മുഖ്യ ശത്രുവാര് എന്ന് തീര്‍ച്ചപ്പെടുത്താന്‍ വരെ സി.പി.എമ്മിന് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന ജനങ്ങളുടെ ജനാധിപത്യ പരവും മതേതരവുമായ ഇടപെടലുകളിലൂടെയുള്ള രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തെ തടഞ്ഞ് നിര്‍ത്താനാവൂ.
ന്യൂനപക്ഷ രക്ഷക്ക് മതേതര പാര്‍ട്ടികളെ ആശ്രയിക്കുകയാണ് ചെയ്യേണ്ടതെന്ന മുസ്ലിം ലീഗ് നിലപാട് യദാര്‍ത്ഥ പ്രശ്ന പരിഹാരത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. മുസ്ലിം സമുദായത്തെ പോലും ഒന്നിപ്പിക്കുന്നതിന് രാഷ്ട്രീയ സങ്കുചിതത്വം തടസ്സമായി നില്ക്കുന്ന ലീഗ് മതേതര ഐക്യത്തെ കുറിച്ച് സംസാരിക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് എം പിമാര്‍ വോട്ട് നഷ്ടപ്പെടുത്തിയത് പോലും സംഘപരിവാരിനോടുള്ള സമീപനത്തിലെ നിരുത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്.
വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തവര്‍;
പി.അബ്ദുല്‍ മജീദ് ഫൈസ് (സംസ്ഥാന പ്രസിഡന്റ്)
എം.കെ മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
റോയി അറക്കല്‍ (സംസ്ഥാന സെക്രട്ടറി)
ജലീല്‍ നീലാമ്പ്ര (മലപ്പുറം ജില്ലാ പ്രസിഡന്റ്)
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും