പി.ഡി.പി വേങ്ങരയില്‍ സി.പി.എമ്മിനെ പിന്തുണച്ചേക്കും

പി.ഡി.പി വേങ്ങരയില്‍   സി.പി.എമ്മിനെ പിന്തുണച്ചേക്കും

വേങ്ങര ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണച്ചേക്കും. കഴിഞ്ഞ തവണ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണു നിലവില്‍ പി.ഡി.പി. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും.

കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച പി.ഡി.പി സ്ഥാനാര്‍ഥി സുബൈര്‍ സ്വബാഹിക്ക് 1,472വോട്ടുകളാണു ലഭിച്ചിരുന്നത്. കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു പരസ്യ പിന്തുണ നല്‍കിയ പി.ഡി.പി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമാകും പരസ്യപിന്തുണ പ്രഖ്യാപിക്കുക. പി.ഡി.പിക്കു അംഗീകരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണെങ്കില്‍ എല്‍.ഡി.എഫിനുതന്നെയാകും പിന്തുണയെന്നാണു പി.ഡി.പി വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

Sharing is caring!