വേങ്ങരയില്‍ മജീദോ, ഖാദറോ, അതോ മറ്റൊരാളോ?

വേങ്ങരയില്‍ മജീദോ, ഖാദറോ, അതോ മറ്റൊരാളോ?

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതു വേങ്ങരയിലേക്കാണ്. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ ലീഗിന്റെ ഉരുക്ക്‌കോട്ടയില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥിയാരാകുമെന്നാണു ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റേയും മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി കെ.എന്‍.എ ഖാദറിന്റേയും പേരുകളാണു ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഇനി പുതിയൊരാള്‍ വരുമോയെന്ന സംശയങ്ങളും നിലനില്‍ക്കുകയാണ്. ആരും മത്സരിച്ചാലും മുസ്ലിംലീഗ് പ്രതിനിധി തന്നെജയിക്കുമെന്ന വിശ്വാസമാണു ലീഗ് അണികളുടേത്.

ഇരുമുന്നണികളും സ്ഥാനാര്‍ഥിയെ കുറിച്ചു അനൗദ്യോഗികള്‍ ചര്‍ച്ചകള്‍ വിവിധ തവണ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചശേഷം മാത്രമെ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയുള്ളുവെന്നായിരുന്നു ഇരുമുന്നണികളും വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇനി ഒരുമാസം പോലും തികച്ചില്ലാത്തതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച പ്രചരണ പരിപാടികളില്‍ മുന്നേറാനാണു മുസ്ലിംലീഗിന്റെ തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു വിവിധ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും നിലവിലെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റേയും കെ.എന്‍.എ ഖാദറിന്റേയും പേരുകളാണു കൂടുതലയായും ലീഗില്‍ ഉയര്‍ന്നുവരുന്നത്.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കുറിച്ചു ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാനെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ പറഞ്ഞു. വിജയസാധ്യത, നിലാപാട്, വിശ്വാസ്യത അടക്കമുള്ള കാര്യങ്ങള്‍ നോക്കിയാകും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുകയെന്നും സി.പി.എം വ്യക്തമാക്കി.

വേങ്ങര നിയമസഭാ മണ്ഡലം എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ മരണത്തോടെ ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതോടെയാണു വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയായാണു വേങ്ങര അറിയപ്പെടുന്നത്.

പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെന്നതിനാല്‍ ഇതിനു സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്താലാകുമെന്നാണു മുസ്ലിംലീഗ് പറയുന്നത്‌. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയം ഉയര്‍ത്തിക്കാണിച്ചും ദേശീയതലത്തിലെ മുസ്ലിംലീഗ് ഉള്‍പ്പെട്ട യു.പി.എയുടെ വളര്‍ച്ചയുടെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടിയാണു മുസ്ലിംലീഗ് പ്രചരണ രംഗം കൊഴുപ്പിക്കുന്നത്.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് ഭീകരതയെ തടയാന്‍ സി.പി.എമ്മിനെ സാധിക്കൂവെന്ന പ്രചരണമാണു സി.പി.എമ്മും എല്‍.ഡി.എഫും പ്രചരണ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നത്.
2011ല്‍ രൂപീകൃതമായ വേങ്ങര മണ്ഡലലത്തില്‍നിന്നു രണ്ടു തവണയും പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2011ല്‍ എല്‍.ഡി.എഫ്‌ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി കെ.പി ഇസ്മായീലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എം.പിയായിരുന്ന ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞുടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്നു പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. പറപ്പൂര്‍, ഊരകം, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര ഒതുക്കുങ്ങല്‍ തുടങ്ങി ആറു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ 1.55 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഊരകം, എ.ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നണിയായും വേങ്ങരയില്‍ മുസ്‌ലിംലീഗ് തനിച്ചും കണ്ണമംഗലത്തു ലീഗും ഒരു വിഭാഗം കോണ്‍ഗ്രസും പറപ്പൂരില്‍ സി.പി.എം, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജനകീയ മുന്നണിയുമാണ് ഭരണം നടത്തുന്നത്.

 

Sharing is caring!