ഉല്‍സവതിമിര്‍പ്പില്‍ ഞാറ് നട്ട് പി കെ ബഷീര്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചു

ഉല്‍സവതിമിര്‍പ്പില്‍ ഞാറ് നട്ട് പി കെ ബഷീര്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചു

എടവണ്ണ: അന്നമുണ്ടാക്കുന്ന കല പഠിക്കാൻ ഉൽസവ തിമർപ്പോടെ അവർ ചേറിലേക്കിറങ്ങി. കൊച്ചു കുട്ടികളും വിദ്യാർതികളും യുവാക്കളും പാട്ടും പാടി ഞാറ് നടുമ്പോൾ അവർക്ക് പ്രചോദനം പകരാൻ എം എൽ എ പി.കെ ബഷീറും കണ്ടത്തിലേക്കിറങ്ങി.ഒപ്പം പഞ്ചായത്ത് അംഗങ്ങളും പാർട്ടി പ്രതിനിധികളും അണിചേർന്നു.
കല്ലിടുമ്പ് വോയ്സ് ലൈബ്രറി കൃഷിക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ജൈവ നെൽകൃഷിയുടെ ഞാറ് നടീലാണ് ഉൽസവ ലഹരിയിൽ തുടക്കം കുറിച്ചത്.  തുടർച്ചയായി ആറാം തവണയാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്. കൃഷി വകുപ്പിന്റെ സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നാടൻ നെല്ലിനങ്ങളായ ആര്യൻ, ചേറ്റാടി, എന്നിവ 75 സെന്റിൽ കൂട്ടുമുണ്ട കൃഷിയും, 75 സെന്റിൽ ചിറ്റേനി രണ്ടാം വിളയായിട്ടുമാണ് ഇത്തവണ വിളവിറക്കിയത്. ഈ സംഘം വളർത്തുന്ന നാടൻ പശുക്കളുടെ ചാണകവും മൂത്രവുമാണ് വളമായി ഉപയോഗിക്കുന്നത്. എടവണ്ണ കുന്നുമ്മൽ ചേമ്പും കണ്ടിയിലെ വോയ്സ് പ്രവർത്തകർ വില കൊടുത്തു വാങ്ങിയതും പാട്ടത്തിനെടുത്തതുമായ ഒന്നര ഏക്കർ വയലിലാണ് കൃഷി.
കൂടാതെ മറ്റു കൃഷികളായ നേന്ത്രവാഴ, മൈസൂർ, പൂവ്വൻ, എന്നിവയും പച്ചക്കറി വിളകൾ വിവിധ പ്ലോട്ടുകളിലുമായി ഈ കൂട്ടാഴ്മയുടെ കീഴിൽ കൃഷി ചെയ്തു വരുന്നു. പൊതുജനങ്ങൾക്ക് വിഷ രഹിതമായ ഉൽപന്നങ്ങൾ ലഭിക്കുന്നതിന് കല്ലിടുമ്പിൽ 9 മണി മുതൽ 5.30 വരെ പ്രവൃത്തിക്കുന്ന  സ്വന്തം വിപണന ശാലയും ഇവർക്കുണ്ട് .
വരമ്പത്തും ചേറ്റിലും ചവിട്ടി നടക്കാനും അന്നമുണ്ടാക്കുന്ന കല പഠിക്കാനും താത്പര്യമുള്ളവർക്ക് സ്വാഗതമെന്ന കൃഷി കൂട്ടായ്മയുടെ കൺവീനർ പി.ഫിറോസിന്റെ ഫേസ്ബുക്കിലെ ക്ഷണം സ്വീകരിച്ച് വന്നവരും ഉണ്ടായിരുന്നു. കാരക്കുന്ന് ഗവ:ഹയർ സെക്കണ്ടറിയിലെ NSS വളണ്ടിയർമാരും പങ്കെടുത്തു.
നടീൽ മഹോൽസവത്തിന്റെ ഉദ്ഘാടനം പി.കെ.ബഷീർ എം എൽ എ നിർവ്വഹിച്ചു. ജൈവകൃഷി സംരംഭങ്ങൾ നാടിന്റെ നില നിൽപിന്റെ അടിത്തറയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസിയാബഷീർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സി.അബ്ദുസലാം, ഷാക്കിർ ബാബു, എടവണ്ണ കൃഷി ആപ്പീസർ കെ.സുബൈർ ബാബു, ലത്തീഫ് പുലിക്കുന്നൻ, (പ്രസിഡണ്ട്, എടവണ്ണ ഗ്രാമ പഞ്ചായത്ത് കാർഷിക സഹായ സംഘം) പരിപാലന സമിതി കൺവീനർ) ടി.പി.റസാഖ്, (സെക്രട്ടറി, എടവണ്ണ ഗ്രാമ പഞ്ചായത്ത് പച്ചക്കറി ക്ലസ്റ്റർ) ടി.പി.സുൽഫിക്കറലി (കർഷക സംഘം ജില്ലാ പ്രസിഡന്റ്), അറുമുഖൻ പി ( എടവണ്ണ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ്) കരീം മുണ്ടേങ്ങര (എടവണ്ണ പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി), കുട്ടി മമ്മദ് പി.എൻ. (പ്രസിഡണ്ട്,പാടശേഖര സമിതി) പി.ഫിറോസ്, വി.നിസാമുദ്ദീൻ, എം.ഇബ്രാഹിം,കെ.കൃഷ്ണൻ, അബ്ദുള്ളക്കുട്ടി എടവണ്ണ, സി.പി ഇർഷാദ് ഉമർ, പി.ഇർഷാദ്, എന്നിവർ നേതൃത്വം നൽകി

Sharing is caring!