പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

പരപ്പനങ്ങാടി: ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് തന്റെ ഒരു മാസത്തെ ശമ്പലം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവകാരുണ്യ രംഗത്തുള്ള ഫൗണ്ടേഷന്റെ ഇടപെടലാണ് ശമ്പളം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ ഫൗണ്ടേഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഇതു സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.

സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതി മത വ്യത്യാസമില്ലാതെ കണ്ടെത്തി അവര്‍ക്ക് തണലാകുന്ന പരപ്പനങ്ങാടിയിലെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാരുണ്യം ഒരു പുഴ പോലെ ഒഴുകുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ ശമ്പളം സ്‌നേഹപൂര്‍വ്വം ഞാന്‍ ഇന്നലെ മാറ്റിവച്ചു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതി മത വ്യത്യാസമില്ലാതെ കണ്ടെത്തി അവര്‍ക്ക് തണലാകുന്ന പരപ്പനങ്ങാടിയിലെ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണ്.

വീടുകള്‍ നിര്‍മിച്ചു നല്‍കല്‍,വിദ്യാഭ്യാസ സഹായം,സ്വയം തൊഴിലിന് സഹായം,ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ സമ്മാനിക്കല്‍,പാലിയേറ്റിവ് വാഹന സേവനം ,സൗജന്യ ആംബുലന്‍സ് സര്‍വീസ്,കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ സൗജന്യ കുടിവെള്ള വിതരണം തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അര്‍ഹതയുള്ളവരിലേക്കു ഒഴുകുകയാണ്.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയാണ് കരുണയുടെ നിലാവ് പൊഴിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നത്. പെണ്മക്കളുടെ വിവാഹം കഴിയുന്നതോടെ കടത്തിലാഴുന്ന മാതാപിതാക്കള്‍ക്ക് കൈത്താങ്ങ് നല്‍കുന്ന പദ്ധതി എന്നെ ഏറെ ആകര്‍ഷിച്ചു.സഹജീവികളുടെ കണ്ണീരൊപ്പുന്ന കാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ പേരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

 

 

Sharing is caring!