നിലമ്പൂരിലെ ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

നിലമ്പൂരിലെ ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: 1977 മുതല്‍ കൃത്യമായി അടച്ചുകൊണ്ടിരുന്ന ഭൂനികുതി മുന്നറിയിപ്പില്ലാതെ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിലമ്പൂര്‍ താലൂക്കിലെ മമ്പാട് പഞ്ചായത്തിലുള്‍പ്പെട്ട മാടം, വീട്ടിക്കുന്ന്, കല്ലുവാരി എന്നീ കോളനിവാസികളുടെ ഭൂനികുതിയാണ് പുള്ളിപ്പാടം വില്ലേജ് സ്വീകരിക്കാത്തത്.

നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് വില്ലേജിന്റെ നടപടി. പൂര്‍വ്വികരന്മാരായ തങ്ങള്‍ അനുഭവിച്ച് പോരുന്നതും സര്‍ക്കാരിന് നികുതി നല്‍കുന്നതുമായ ഭൂമി വനംവകുപ്പിന്റേതാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതിയില്ലാതെ ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

230 ഓളം ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനുള്ള ഭൂമാഫിയയുടെ തന്ത്രമാണ് ഇതിന് പിന്നില്‍. ആദിവാസികളെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്ന് വനംവകുപ്പ് ഉദ്യാഗസ്ഥര്‍ പിന്മാറണമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കണമെന്നും നികുതി വീണ്ടും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

എം.ആര്‍.സുബ്രഹ്മണ്യന്‍, കെ.പി.ശിവദാസന്‍, ചന്ദ്രന്‍ ചൊല്ലാറ, എം.സി.കുമാര്‍ദാസ്, കെ.ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Sharing is caring!