ലീഗിന്റെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ശശികല

ലീഗിന്റെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ശശികല

മുസ്ലിംലീഗിനെതിരെ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികല, മത ഭീകരവാദത്തെ ന്യായീകരിക്കുന്ന ലീഗ് നയം പുന:പരിശോധിക്കണം, ഹാദിയകേസില്‍ കോടതി വിധി അട്ടിമറിക്കാന്‍ യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ശ്രമിക്കുന്നുവെന്നും ശശികല പറഞ്ഞു.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള ഭരണഘടനാ അവകാശം പുന:പരിശോധിക്കേണ്ട സാഹചര്യമാണ്, നിലവില്‍ ഭരണഘടന നല്‍കുന്ന അവകാശം ദുരുപയോഗം ചെയ്യുന്ന സ്ഥിതിയാണെന്നും ശശികല പറഞ്ഞു. മുസ്ലിംലീഗിന്റെ നടപടികള്‍ എന്‍.ഐ.എ അന്വേഷിക്കണം, സത്യസരണിക്കും ലീഗിനുമുള്ള തീവ്രവാദ ബന്ധം അന്വേഷിക്കണം, താന്‍ പറവൂരില്‍ പ്രസംഗിച്ചതിനെതിരെ കേസെടുത്തോട്ടെ, എന്നാല്‍ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവുംകേട്ടിട്ടുവേണം തീരുമാനമെന്നും അവര്‍ പറഞ്ഞു. നിയമപരമായി ഇതിനെ നേരിടും. അതോടൊപ്പം തങ്ങളുടേതായ രീതിയിലും മുന്നോട്ടുപോകുമെന്നും കെ.പി ശശികല പറഞ്ഞു.

90കള്‍ മുതല്‍ താന്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്, പല അഭ്യന്തര മന്ത്രിമാരുടേയും കാലത്ത് പ്രസംഗിച്ചിട്ടുണ്ട്, അവരാരും തന്റെ ബന്ധുവായിരുന്നില്ല, ഇതുവരെ ആരും കേസെടുത്തിട്ടുമില്ല, കേസെടുക്കേണ്ട കാര്യങ്ങള്‍ ഇതുവരെ പ്രസംഗിച്ചിട്ടുമില്ല, പറവൂരില്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ശശികല പറഞ്ഞു.

 

മതേതര എഴുത്തുകാര്‍ക്കെതിരേ ശശികല പറവൂരില്‍ നടത്തിയ ഭീഷണ പ്രസംഗമാണു നേരത്തെ ഏറെ വിവാദമായിരുന്നത്. ഇതിനു പിന്നാലെയാണു ലീഗിനെ കടന്നാക്രമിച്ചു വീണ്ടും ശശികല രംഗത്തുവന്നിരിക്കുന്നത്.

മതേതര എഴുത്തുകാര്‍ ആയുസ്സിനുവേണ്ടി സമീപത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക. അല്ലെങ്കില്‍ നിങ്ങള്‍ക്കും ഗൗരി ലങ്കേഷിന്റെ ഗതിയുണ്ടാവുമെന്നാണ് ശശികലയുടെ ഭീഷണി. കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തിലായിരുന്നു ഭീഷണി മുഴക്കിയത്.

ഒരു പ്രമുഖചാനലാണ് ശശികലയുടെ വീഡിയോദൃശ്യങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Sharing is caring!